കണ്ണൂർ, കാസർകോട് ജില്ലകളിൽ 500 ഹെക്ടറിൽ കശുമാവ് കൃഷി വ്യാപന പദ്ധതി

Share our post

ഇരിട്ടി: കേന്ദ്രകൃഷിമന്ത്രാലയത്തിന് കീഴിലുള്ള കാഷ്യൂ ആൻഡ് കൊക്കോ വികസനകാര്യാലയത്തിന്റെ സഹായധനത്തോടെ സംസ്ഥാന കാഷ്യൂ സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ 500 ഹെക്ടറിൽ കശുമാവ് കൃഷി വ്യാപനത്തിനുള്ള പദ്ധതിക്ക് അംഗീകാരമായി. കണ്ണൂരിൽ ആലക്കോട്, നടുവിൽ, ഉദയഗിരി, ചപ്പാരപ്പടവ് പഞ്ചായത്തുകളിലും കാസർകോട് ജില്ലയിൽ ബളാൽ പഞ്ചായത്തിലുമാണ് പദ്ധതി പ്രധാനമായും നടപ്പിലാക്കുക.

കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുമാവ് കർഷകർക്കെല്ലാം പദ്ധതി ആനുകൂല്യത്തിന് അപേക്ഷിക്കാമെങ്കിലും പദ്ധതിയുടെ ഭൂരിഭാഗവും മുൻഗനാ പഞ്ചായത്തുകൾക്കായിരിക്കും ലഭിക്കുക.

ഒരുഹെക്ടർ സ്ഥലത്ത് 200 ഗ്രാഫ്റ്റ് തൈ കൃഷിചെയ്യുന്നതിന് 20,000 രൂപ സഹായം നൽകും. ഇതോടൊപ്പം അത്യുത്‌പാദനശേഷിയുള്ള ഗ്രാഫ്റ്റ് തൈകളും കർഷകർക്ക് ലഭ്യമാക്കും. മിനിമം അരയേക്കർ സ്ഥലമെങ്കിലും വേണം. താത്‌പര്യമുള്ളവർ പഞ്ചായത്ത് ജനപ്രതിനിധികൾ മുഖേനയോ ഉളിക്കലുള്ള കാഷ്യൂ സെൽ ഓഫീസിലോ ഓഗസ്റ്റ് അഞ്ചിനുള്ളിൽ അപേക്ഷ നൽകണം.

ബളാൽ പഞ്ചായത്തിൽ ഓഗസ്റ്റ് പത്തിനുള്ളിലും അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും പതിപ്പിക്കണം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഈ വർഷം അടച്ച നികുതി രസീത് എന്നിവയുടെ പകർപ്പ് സഹിതമാണ് അപേക്ഷ നൽകേണ്ടത്.

പദ്ധതിയുടെ ഭാഗമായി 25-ന് പത്തിന് ആലക്കോട് സെയ്‌ന്റ്‌ മേരീസ് പാരിഷ് ഹാളിൽ കശുമാവ് കർഷക സെമിനാർ നടക്കും. സെമിനാറിൽ കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധർ ക്ലാസെടുക്കും. പങ്കെടുക്കുന്ന കർഷകർക്ക് കശുമാവിൻ തൈക്ക്‌ വേണ്ട അപേക്ഷ നൽകാൻ സൗകര്യം ഉണ്ടാകും. ഫോൺ: 9447954899, 9400718627.

കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഉളിക്കൽ, അയ്യങ്കുന്ന്, ആറളം, ഏരുവേശ്ശി, മയ്യിൽ, കൊട്ടിയൂർ, പായം പഞ്ചായത്തുകളിൽ 350 ഹെക്ടറിൽ കശുമാവ് പുതുകൃഷി നടത്തിയിരുന്നു. ഇതിന്റെ സഹായധനവും കൊടുത്തു. മലയോരമേഖലയിൽ റബ്ബർകൃഷിയിൽനിന്ന്‌ കശുമാവ് കൃഷിയിലേക്ക് ധാരാളം കർഷകർ മാറിയിരിക്കുന്നു. കശുമാവ് കൃഷിയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്നു. ഇന്നത് നഷ്ടപ്പെട്ടു. പ്രതാപം തിരിച്ചുപിടിക്കുക എന്നതാണ് കാഷ്യൂ സെല്ലിന്റെ ലക്ഷ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!