മാനന്തവാടിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി; പന്നിഫാമുകളില്‍ കര്‍ശന നിരീക്ഷണം

Share our post

വയനാട്: വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലേക്ക് അയച്ച സാമ്പിളിലാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെങ്കിലും പന്നികളില്‍ മാരകമായി ബാധിക്കുന്ന വൈറസാണിതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ പന്നിഫാമുകളിലും നിരീക്ഷണം കര്‍ശനമാക്കാന്‍ നിര്‍ദേശമുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പന്നികളെ കൊണ്ടുവരുന്നത് വിലക്കാനും മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാനന്തവാടിയിലെ ഒരു ഫാമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്ത സാഹചര്യത്തില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് രോഗം സ്ഥിരീകരിച്ചത്.

ലക്ഷണങ്ങൾ

  • കഠിനമായ പനി
  • തീറ്റയെടുക്കാതിരിക്കൽ
  • തൊലിപ്പുറത്തെ രക്തസ്രാവം
  • വയറിളക്കം

പ്രതിരോധമരുന്നുകൾ ഇല്ലാത്തതിനാൽ രോഗം ബാധിച്ചവയെ കൊന്നുകളയുകയാണ് ചെയ്യുന്നത്.

കേന്ദ്ര മൃഗസംരക്ഷണ കമ്മിഷണറുടെ നിർദേശങ്ങൾ

  • പന്നിയിറച്ചിക്കടകൾ, ഫാമുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യം സംസ്കരിക്കുക.
  • പന്നിഫാമുകളിൽ വെറ്ററിനറി ഉദ്യോഗസ്ഥർ പരിശോധന നടത്തണം.
  • ഫാമുകളിൽ വളർത്തുന്നവയിലും കാട്ടുപന്നികളിലും അസാധാരണമായി മരണനിരക്ക് കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. ഇവയുടെ സാംപിളുകൾ ഭോപാലിലെ നിസാദ് പോലുള്ള ലാബുകൾക്ക് കൈമാറണം.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!