രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷ: ഒക്ടോബർ 15വരെ അപേക്ഷിക്കാം
        തിരുവനന്തപുരം: ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ അടുത്ത വർഷം ജൂലായിലേക്കുള്ള പ്രവേശനപരീക്ഷ പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ഡിസംബർ മൂന്നിന് നടക്കും. അഡ്മിഷൻ സമയത്ത് (2023 ജൂലായ് ഒന്ന്) അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ പാസാകുകയോ ചെയ്തിരിക്കണം. പ്രായം പതിനൊന്നര വയസിനും 13 വയസിനും ഇടയിൽ.
അപേക്ഷാ ഫോമിന് ജനറൽ വിഭാഗത്തിലുള്ളവർ 600 രൂപയും എസ്.സി /എസ്.ടി വിഭാഗത്തിലുള്ളവർ ജാതി സർട്ടിഫിക്കറ്റിനൊപ്പം 555 രൂപയും അടയ്ക്കണം. ഫോം ലഭിക്കുന്നതിനായി ദ കമാൻഡന്റ്, ആർ.ഐ.എം.സി ഡെറാഡൂൺ, ദ്രവീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ടെൽ ഭവൻ, ഡെറാഡൂൺ (ബാങ്ക് കോഡ്-01576), ഉത്തരാഖണ്ഡ് എന്ന വിലാസത്തിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ദ കമാൻഡന്റ് രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തരാഖണ്ഡ്, 248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടയ്ക്കേണ്ട വെബ്സൈറ്റ്: www.rimc.gov.in.
കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകൾ ഒക്ടോബർ 15നു മുൻപായി സെക്രട്ടറി, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. നിലവിലെ സ്കൂൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോമിൽ ഫോട്ടോ, ജനനത്തീയതി, പഠിക്കുന്ന ക്ലാസ് എന്നിവ രേഖപ്പെടുത്തിയ അപേക്ഷാ ഫോറത്തിന്റെ രണ്ടു കോപ്പി, രണ്ട് പാസ്പ്പോർട്ട് ഫോട്ടോ, ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ, സ്ഥിര മേൽവിലാസം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ രണ്ട് പകർപ്പ് (ഇരു വശവും ഉള്ളത്),അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽവിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച കവർ എന്നിവ വേണം.
