കണ്ണൂരിൽ നിന്ന് ദുബായിലേക്ക് പറക്കാൻ 40,000 രൂപയിലേറെ; കോഴിക്കോട് 18,000

Share our post

കണ്ണൂർ : ദുബായിലേക്ക് കണ്ണൂരിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് നാൽപതിനായിരം രൂപയിലേറെ. അതേ സമയം കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് പതിനെട്ടായിരം. കണ്ണൂരിൽ നിന്ന് ഗോ ഫസ്റ്റ് വിമാനം ദുബായിലേക്ക് പറക്കാനെടുക്കുന്ന സമയം 3 മണിക്കൂർ 50 മിനിറ്റ്. കോഴിക്കോട് നിന്ന് ദുബായിലേക്ക് എയർഇന്ത്യ എക്സ്പ്രസ് പറക്കാനെടുക്കുന്ന സമയം 4 മണിക്കൂർ 5 മിനിറ്റ്. പറക്കൽ സമയം കാൽമണിക്കൂർ കുറവായിട്ടും കണ്ണൂരുകാർ നൽകേണ്ടത് ഇരട്ടിയിലേറെ തുക. 

ഇന്നലെ വൈകിട്ട് രണ്ടു വിമാനക്കമ്പനികളുടെയും വെബ്സൈറ്റിൽ ഓഗസ്റ്റ് 9ലെ ടിക്കറ്റ് നിരക്ക് അന്വേഷിച്ചപ്പോൾ കണ്ട വ്യത്യാസമാണിത്. അതേസമയം കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് 16716 ആണ് ഇൻഡിഗോയുടെ ടിക്കറ്റ് നിരക്ക്. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് 13456 രൂപയ്ക്ക് പറക്കാം. വ്യത്യാസം മൂവായിരം രൂപയിലേറെ. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരുപതിനായിരത്തിനു താഴെ എത്തിയത് ഈ റൂട്ടിൽ പേരിനെങ്കിലും മത്സരമുള്ളതുകൊണ്ടാണ്. ഇൻഡിഗോയും, ഗോ ഫസ്റ്റും, എയർഇന്ത്യ എക്സ്പ്രസും കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

കൊച്ചിയിലും തിരുവനന്തപുരത്തും നിരക്ക് ഇതിനേക്കാൾ കുറവാണ്. വിദേശ വിമാനങ്ങളും എത്തുന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും ഇതര വിമാനത്താവളങ്ങളിൽ ലഭിക്കുന്നു. ആഭ്യന്തര സർവീസുകളിലുമുണ്ട് നിരക്ക് വ്യത്യാസം. ബെംഗളൂരുവിലേക്ക് കണ്ണൂരിൽ നിന്ന് ഇൻഡിഗോയുടെ നിരക്ക് 4552 മുതലാണ്. അതേസമയം കോഴിക്കോട്ടു നിന്നുള്ള നിരക്ക് തുടങ്ങുന്നത് 3555 രൂപയിൽ. ഡൽഹിയിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ ഈടാക്കുന്നത് 10,905 രൂപ മുതലാണ്. കോഴിക്കോട്ടു നിന്ന് ഇത് 9436 രൂപ മുതലും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!