ഇത്തവണയുമുണ്ട് സൗജന്യ ഓണക്കിറ്റ്; 13 ഇനങ്ങൾ
തിരുവനന്തപുരം : ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ സ്പെഷൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ നടപടി തുടങ്ങി. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കി 13 ഇനങ്ങൾ വിതരണം ചെയ്യാനാണ് ആലോചന. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു. സൗജന്യ കിറ്റുകൾ തയാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങൾ സജ്ജമാക്കാനുമുള്ള നടപടികൾ ത്വരിതപ്പെടുത്താൻ ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ സി.എം.ഡി നിർദേശം നൽകി.
ഇനങ്ങളുടെ പട്ടിക റീജനൽ മാനേജർമാർ രണ്ടു ദിവസം മുൻപ് എം.ഡി.ക്ക് കൈമാറി. ഇത് പരിശോധിച്ച് വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും സപ്ലൈകോ അറിയിച്ചു. 90 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്കാവും സൗജന്യ കിറ്റ്. ഒരു കിറ്റിന് 500 രൂപയാണ് ചെലവാകുക. തുണി സഞ്ചി നൽകുന്നത് ഇത്തവണയും പരിഗണനയിലുണ്ട്. സൗജന്യ കിറ്റിനു പുറമേ ഓണത്തോടനുബന്ധിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചർച്ചകൾ നടന്നു വരുന്നു.
അതേസമയം, സൗജന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സർക്കാരിനോട് സഹകരിക്കണോ എന്ന് റേഷൻ സംഘടനകൾ അന്തിമ തീരുമാനം എടുത്തിട്ടില്ല. കോവിഡ് കാലത്തെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് 11 മാസത്തെ കമ്മിഷനാണ് വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ളത്.
ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തുന്നവ
പഞ്ചസാര –1 കിലോ
ചെറുപയർ – 500 ഗ്രാം
തുവര പരിപ്പ് –250 ഗ്രാം
ഉണക്കലരി –അര കിലോ
വെളിച്ചെണ്ണ –500 മില്ലിലീറ്റർ
തേയില –100 ഗ്രാം
മുളകുപൊടി –100 ഗ്രാം
മഞ്ഞൾപ്പൊടി – 100 ഗ്രാം
സേമിയ/പാലട – 1
ഉപ്പ് – 1 കിലോ
ശർക്കരവരട്ടി –100 ഗ്രാം
ഏലയ്ക്ക/കശുവണ്ടി–50 ഗ്രാം
നെയ്യ് – 50 മില്ലിലീറ്റർ