പ്രകാശപൂരിതമായി മമ്പറം പാലം

മമ്പറം: മമ്പറം പുതിയപാലം പ്രകാശപൂരിതമായി. 60 എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളാണ് പാലത്തിൽ നിറഞ്ഞുകത്തുന്നത്. രാത്രികാല യാത്ര ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചത്. പ്രത്യേക ഡിസൈനിൽ നിർമിച്ച പാലത്തിൽ എൽ.ഇ.ഡി ലൈറ്റുകൾകൂടി പ്രകാശിക്കാൻ തുടങ്ങിയതോടെ ആകർഷകമായി. മമ്പറം ടൗൺമുതൽ കോട്ടം ഭാഗത്ത് പാലം അവസാനിക്കുന്നതുവരെയും ലൈറ്റുകൾ സ്ഥാനംപിടിച്ചിട്ടുണ്ട്.
സ്ഥലം എം.എൽ.എ.കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ലൈറ്റുകൾ യാഥാർത്ഥ്യമായത്. മമ്പറം പുഴയോരം ഉൾപ്പെടെ ടൗൺ നവീകരണത്തിനുള്ള നടപടികളും നടക്കുകയാണ്. മമ്പറം പുഴയിലെ ബോട്ട് ടെർമിനലിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ബോട്ട് സർവീസുകൂടി ആരംഭിക്കുന്നതോടെ ടൂറിസം ഭൂപടത്തിലും മമ്പറം സ്ഥാനംപിടിക്കും.