കണ്ണിൽ മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണ കവർച്ച: മുഖ്യപ്രതി കീഴടങ്ങി
മഞ്ചേരി: 50 ലക്ഷം രൂപയുടെ കുഴൽപണം കവർച്ച ചെയ്ത കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. എടവണ്ണ ചാത്തല്ലൂർ സ്വദേശി ഉഴുന്നൻ സുനീബാണ് (29) മഞ്ചേരി ജില്ല സെഷൻസ് കോടതി മുമ്പാകെ കീഴടങ്ങിയത്. മേയ് 18നായിരുന്നു കേസിനാസ്പദമായ സംഭവം.
കുഴൽപ്പണവുമായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരിൽ വെച്ച് മോട്ടോർ സൈക്കിളിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി കണ്ണിൽ മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ പ്രതി തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡൽഹിയിൽ വെച്ച് മഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. ആഡംബര ജീവിതം നയിക്കാനാണ് ഇയാൾ പണം ഉപയോഗിച്ചിരുന്നത്.
