വെള്ളം ഓവുചാലിലേക്ക് ഒഴുകുന്നില്ല: പേരാവൂരിലെ പൊതുറോഡ് തോടാവുന്നു

പേരാവൂർ : ഇരിട്ടി റോഡ്, തലശ്ശേരി റോഡ്, കൊട്ടിയൂർ റോഡ് എന്നിവിടങ്ങളിൽ തോടിന് സമാനമായി റോഡിലൂടെ വെള്ളം ഒഴുകുന്നത് പതിവായിട്ടും പരിഹരിക്കാതെ അധികൃതർ.
വാഹനങ്ങൾ ചീറിപ്പായുന്നത് മൂലം റോഡരികിലെ കടയുടമകളും കാൽനടയാത്രക്കാരും ഒരേ പോലെ ദുരിതത്തിലാവുകയാണ്. ഇരിട്ടി റോഡിൽ ബംഗളക്കുന്ന്- പെരിങ്ങാനം റോഡിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഓവുചാലുകളിലെത്താതെ റോഡ് വഴിയാണ് ഒഴുകുന്നത്. ഇത് കാരണം സമീപത്തെ വ്യാപാര സ്ഥാപനങ്ങളും പെട്രോൾ പമ്പ് ജീവനക്കാരും ദുരിതത്തിലാണ്. തലശ്ശേരി റോഡിലും കൊട്ടിയൂർ റോഡിൽ ചെവിടിക്കുന്ന് ഭാഗത്തും റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തിന് ബുദ്ധിമുട്ടാവുന്നുണ്ട്.
പൊതുമരാമത്ത് വകുപ്പധികൃതർ ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തലശ്ശേരി റോഡിൽ കുനിത്തല മുക്കിന് സമീപം റോഡരികിലെ ഓവുചാൽ മൂടിയ നിലയിലായതിനാൽ വെള്ളക്കെട്ട് പതിവാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതർ ഉടൻ ഇടപെട്ട് വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.