നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചു; പരിശോധനയുടെ പേരില്‍ ക്രൂര നടപടി

Share our post

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, പരീക്ഷയ്ക്ക് മുമ്പായി അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ ശൂരനാട് സ്വദേശിനി റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. പരീക്ഷയ്‌ക്കെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥിനികള്‍ക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചു. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവന്‍ ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയും ചെയ്തു.

18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു. പരീക്ഷയാണോ ഡ്രസ് അഴിച്ച് പരിശോധിക്കുന്നതാണോ നിനക്ക് വലുത് എന്നായിരുന്നു വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ ചോദിച്ചത്. മാറിനിന്ന് കരയുന്നത് കണ്ട് മറ്റൊരു ഉദ്യോഗസ്ഥന്‍ എത്തിയ ശേഷം കാര്യം തിരക്കി. കുട്ടിയുടെ അമ്മയുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് രക്ഷിതാക്കളോട് ഗേറ്റില്‍ എത്താന്‍ പറയുകയും ഷോള്‍ വേണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് അമ്മയുടെ ഷാള്‍ നല്‍കുകയുമായിരുന്നു. 

പിന്നീടാണ് ഭൂരിഭാഗം വിദ്യാര്‍ഥിനികള്‍ക്കും ഇതേ അനുഭവമുണ്ടായി എന്ന് മനസ്സിലാക്കാന്‍ സാധിച്ചതെന്ന് രക്ഷിതാവ് പറയുന്നു. നീറ്റ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ ലോഹം കൊണ്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതിനാലാണ് സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. സംഭവത്തെ തുടര്‍ന്ന് കുട്ടിക്ക് പരീക്ഷ ശരിയായ രീതിയില്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നും അറിയാവുന്ന ഉത്തരങ്ങള്‍ പോലും എഴുതുന്നതിന് കഴിയാതെ വന്നുവെന്നും രക്ഷിതാവ് പറയുന്നു.

തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ കാറില്‍വെച്ച് പരീക്ഷയെ കുറിച്ച് സംസാരിക്കുമ്പോഴാണ് കുട്ടി പൊട്ടിക്കരയുകയും പരീക്ഷയെഴുതുന്നതിനിടെ തനിക്കുണ്ടായ മാനസിക സംഘർഷം വീട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തത്. തനിക്ക് നേരിട്ട മാനസികാഘാതത്തില്‍നിന്ന് കുട്ടി ഇനിയും മുക്തയായിട്ടില്ല. ശൂരനാട് സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ഥിനിക്കും സമാനമായ അനുഭവമുണ്ടായി എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!