ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ ലൈസന്‍സ് തെറിപ്പിക്കാന്‍ എം.വി.ഡി

Share our post

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ വാഹനമോടിച്ച് പിടിച്ചാല്‍ പിഴ അടച്ച് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട. 500 രൂപ ഫൈന്‍ വാങ്ങിവിടുന്ന പതിവു രീതിക്കു പകരം ഡ്രൈവറുടെ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.

അപകടങ്ങള്‍ക്കു കാരണമാകുന്ന നിയമലംഘനങ്ങള്‍ക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീം കോടതി സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്തവരുടെ ലൈസന്‍സ് തെറിപ്പിക്കാന്‍ തീരുമാനിച്ചത്.

ജില്ലയില്‍ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇടാതെ വണ്ടിയോടിച്ചതിന് മാര്‍ച്ച് മുതല്‍ ജൂണ്‍വരെ 48 പേരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു മുതല്‍ ആറുമാസം വരെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്.

അമിതവേഗം, അമിതഭാരം, ചുവപ്പു സിഗ്‌നല്‍ ലംഘനം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കല്‍, ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ആര്‍.ടി.ഒ. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തകാലത്ത് വാഹനം ഉപയോഗിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!