മിൽമയുടെ അരക്കിലോഗ്രാം തൈരിന് അഞ്ചുരൂപവരെ വിലകൂടും

തിരുവനന്തപുരം: പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്ക് പുതുതായി അഞ്ചുശതമാനം ചരക്കുസേവന നികുതി ഏർപ്പെടുത്തിയതോടെ തിങ്കളാഴ്ചമുതൽ വില കൂടും. മിൽമയുടെ തൈരിന് വിവിധ വിഭാഗങ്ങളിലായി മൂന്നുരൂപമുതൽ അഞ്ചുരൂപവരെയാണ് കൂടുന്നത്. അരക്കിലോഗ്രാമിന്റെ കണക്കാണിത്. മോരിന്റെയും ലസ്സിയുടെയും പാക്കറ്റിലെ അളവുകുറച്ച് പഴയവില നിലനിർത്തും.
വിലകൂട്ടാൻ കഴിഞ്ഞയാഴ്ച മിൽമയുടെ പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചിരുന്നു. പാൽവില കൂട്ടാത്തതിനാൽ നഷ്ടം സഹിച്ച് തൈര് വിൽക്കാൻ സാധിക്കില്ലെന്നാണ് മിൽമ പറയുന്നത്. കേരളത്തിൽ കൂടുതൽ വിൽക്കുന്നത് തൈരാണ്. തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകളിലായി ഏകദേശം ഒരുലക്ഷം ലിറ്റർ തൈരാണ് മിൽമമാത്രം കേരളത്തിൽ വിൽക്കുന്നത്. ലസ്സിയുടെയും മോരിന്റെയും ഉത്പാദനം കുറവാണ്.
എറണാകുളം യൂണിയനിൽമാത്രം കട്ടിമോര് വിൽക്കുന്നുണ്ട്. കോഴിക്കോട് യൂണിയനിൽ 525 ഗ്രാം തൈര് 25 ഗ്രാം കുറച്ച് പഴയവിലയായ 30 രൂപയ്ക്ക് വിൽക്കും.
ഉത്പന്നം പുതിയവില പഴയവില( 500 ഗ്രാം)
സ്കിം മിൽക്ക് തൈര് 30 27
ഡബിൾ ടോൺഡ് മിൽക്ക് തൈര് 32 29
ടോൺഡ് മിൽക്ക് തൈര് 35 30
കട്ടിമോര് (200 എം.എൽ.) 33 30
സംഭാരം (200 എം.എൽ.) 10 10 (180 എം.എൽ.)
ലസി (200 എം.എൽ.) 20 20 (180 എം.എൽ.)