സൗജന്യ വാര്‍ത്താവിതരണം വേണ്ട’; ടെക് കമ്പനികള്‍ പ്രതിഫലം നല്‍കേണ്ടിവരും

ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, ആപ്പിള്‍ പോലുള്ള ബഹുരാഷ്ട്ര ടെക് കമ്പനികള്‍ സൗജന്യമായി ലഭ്യമാക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. പത്രങ്ങളുടെയും ഡിജിറ്റല്‍ ന്യൂസ് സ്ഥാപനങ്ങളുടെയും വാര്‍ത്ത ഉപയോഗിച്ചാല്‍ അതിന് ന്യായമായ പ്രതിഫലം ഉറപ്പാക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. ഓസ്ട്രേലിയ, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിയമനിര്‍മാണത്തിലൂടെ ടെക് കമ്പനികളുടെ ‘സൗജന്യവാര്‍ത്താ’വിതരണം ഈയിടെ അവസാനിപ്പിച്ചിരുന്നു.
സെര്‍ച്ച് എന്‍ജിനുകളും ടെക് കമ്പനികളും ഉപയോഗിക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം ഉറപ്പാക്കണമെന്ന് പത്രസ്ഥാപനങ്ങളുടെ ഐക്യവേദിയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഐ.ടി. നിയമത്തിലെ ഭേദഗതിയിലൂടെ ഇന്ത്യയിലും ഇത് നടപ്പാക്കുമെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡിജിറ്റല്‍ പരസ്യമേഖലയുടെ വിപണി പ്രബലരായ ടെക് കമ്പനികള്‍ കൈപ്പിടിയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ മാധ്യമസ്ഥാപനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് ഈ കമ്പനികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍പോലുമുള്ള സാഹചര്യമില്ല. അതിനാല്‍, വിഷയം നിയമപരമായി നേരിടുമെന്ന്് മന്ത്രി പറഞ്ഞു. സെര്‍ച്ച് എന്‍ജിനുപുറമേ യൂട്യൂബും സ്വന്തമായുള്ള ഗൂഗിള്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സാപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റാ, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആമസോണ്‍, ട്വിറ്റര്‍ എന്നീ കമ്പനികള്‍ക്കാകും നിയമം പ്രധാനമായും ബാധകമാവുക.
വാര്‍ത്തകള്‍ കണ്ടെത്തി വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമസ്ഥാപനങ്ങള്‍ ഭീമമായ തുക ചെലവഴിക്കുന്നുണ്ടെന്നും അതുപയോഗിക്കുന്ന ടെക് കമ്പനികളില്‍നിന്ന് ന്യായമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും പത്രസ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐ.എന്‍.എസ്. പറഞ്ഞു.