Connect with us

Breaking News

മങ്കി പോക്സ്: ജാ​ഗ്രത പാലിക്കണം, ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം

Published

on

Share our post

കോഴിക്കോട്: സംസ്ഥാനത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ  ആരോഗ്യജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.

മങ്കിപോക്സ് മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് വ്യാധിയാണ്. രോഗമുള്ള എലി, അണ്ണാൻ, കുരങ്ങ് മുതലായ മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായി സമ്പർക്കമുണ്ടായാൽ രോഗം പകരാം. രോഗം ബാധിച്ച മനുഷ്യരിൽനിന്നും ശരീരസ്രവങ്ങൾ, ശ്വസന തുള്ളികൾ, ക്ഷതങ്ങൾ, കിടക്ക തുടങ്ങിയവ വഴിയും ലൈംഗികബന്ധത്തിലൂടെയും അമ്മയിൽനിന്ന് പ്ലാസന്റ വഴി കുഞ്ഞിലേക്കും രോഗം പകരാം.

പനി, കഠിനമായ തലവേദന, നടുവേദന, പേശീ വേദന, കഴലവീക്കം, ഊർജക്കുറവ് എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ. പനി വന്ന് ഒന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ശരീരത്തിൽ മുഖത്തും കൈകാലുകളിലുമൊക്കെയായി കുമിളകൾ കാണപ്പെടുന്നു. ജനനേന്ദ്രിയം, കൺജക്റ്റിവ, കോർണിയ എന്നിവിടങ്ങളിലും ഇത്തരം കുമിളകൾ കാണപ്പെടാം. വൈറസ് രോഗമായതിനാൽ പ്രത്യേക ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും ദീർഘകാല ആരോഗ്യ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും തടയുന്നതിനും ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

മുൻകരുതലുകൾ നിർബന്ധമായും എടുക്കണം

വന്യമൃഗങ്ങളുമായും അവയുടെ മൃതശരീരവുമായും അടുത്ത ബന്ധം പുലർത്താതിരിക്കാൻ ശ്രദ്ധിക്കുക.

ഇവയുടെ മാംസം, രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായും അടുത്ത ബന്ധം പുലർത്തരുത്.

നന്നായി വേവിച്ച മാംസാഹാരം മാത്രം കഴിക്കുക.

രോഗം ബാധിച്ചവരുമായി ഇടപഴകുന്ന കുടുംബാംഗങ്ങൾ, ആരോഗ്യ പരിചരണ പ്രവർത്തകർ എന്നിവർ അണുബാധ തടയാൻ സഹായകമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്സിനേഷൻ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!