വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിലായി. മട്ടാഞ്ചേരി നസ്രത്ത് ഹോളിഫാമിലിക്ക് സമീപം കുരിശു പറമ്പിൽ വീട്ടിൽ സാബു ജോസഫിനെയാണ് (54) എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ജോലിക്കിടെ പ്രതി വിദ്യാർഥിനിയെ സെക്യൂരിറ്റി കാബിനിലേക്ക് വിളിച്ച് തന്‍റെ മൊബൈൽ ഫോണിലെ കുറച്ച് വിഡിയോകൾ ഡിലീറ്റ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു. അത് വിശ്വസിച്ച വിദ്യാർഥിനി കാബിനിൽ ചെന്നപ്പോൾ ഇയാൾ അശ്ലീല വിഡിയോ കാണിക്കുകയും ശരീരഭാഗങ്ങളിൽ തൊടുകയും ചെയ്തു.
ഇതോടെ വിദ്യാർഥിനി കാബിനിൽനിന്ന് ഇറങ്ങിയോടി അധ്യാപകരോട് പരാതി പറയുകയായിരുന്നു. സംഭവം ഗുരുതരമാകുമെന്ന് മനസ്സിലാക്കിയ പ്രതി മൊബൈൽ ഫോൺ സ്വിച്ഡ് ഓഫാക്കി മുങ്ങുകയായിരുന്നു. പോക്സോ പ്രകാരമുള്ള കുറ്റകൃത്യമാണ് ഇയാളിൽ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.