തകരാർ പരിഹരിച്ചു; രജിസ്‌ട്രേഷൻ പോർട്ടൽ സജ്ജം

തിരുവനന്തപുരം : സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചതോടെ രജിസ്ട്രേഷൻ പോർട്ടലിലെ ഓൺലൈൻ സേവനങ്ങൾ പൂർണതോതിൽ ലഭ്യമായിത്തുടങ്ങി. വെബ്‌സൈറ്റ് പരിഷ്‌കരണ പ്രവർത്തനങ്ങൾ വ്യാഴാഴ്‌ച പൂർത്തിയായി.
സേവന തടസ്സം ഒഴിവാക്കാനായി നിലവിലെ സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പിലേക്ക് മാറിയിരുന്നു. തുടർന്ന് സബ്‌രജിസ്ട്രാർ ഓഫീസുകളിൽനിന്ന് പൊതുജനസേവനങ്ങൾ https://pearl.registration. kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂലൈ ഒന്നുമുതൽ ലഭ്യമാക്കി. സാങ്കേതിക കാരണങ്ങളാൽ വെബ്സൈറ്റ് സേവനം സുഗമമായില്ല. തടസ്സം പരിഹരിക്കുന്നതിന് നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ മുതിർന്ന സാങ്കേതിക വിദഗ്ധരെ നിയോഗിച്ചു. ഇതിലൂടെ മികച്ച സേവനം ഉറപ്പാക്കാനായിട്ടുണ്ടെന്ന് രജിസ്ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ കെ ഇമ്പശേഖർ പറഞ്ഞു.
ഓൺലൈൻ സേവനങ്ങൾക്ക് പരാതിപരിഹാര സംവിധാനവുമൊരുക്കി. പരാതികൾക്കും സംശയനിവാരണത്തിനും രജിസ്‌ട്രേഷൻ വകുപ്പ് ആസ്ഥാനത്ത് സഹായകേന്ദ്രവും ആരംഭിച്ചു. ഫോണിലും വാട്‌സാപ് സന്ദേശമായും പരാതിപ്പെടാം. ഫോൺ: 0471 2703423, 8547344357