‘കേരള സവാരി’ റെഡി; ഓൺലൈൻ ഓട്ടോ ടാക്‌സി രംഗത്തേക്ക് കേരള സർക്കാർ

Share our post

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സര്‍വീസായ ‘കേരള സവാരി’ ഉടന്‍ നിരത്തിലിറങ്ങും. നഗരപരിധിയിലെ 500-ലേറെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി. തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന സേവനത്തിന്റെ ബുക്കിങ് ആപ്പും തയാറായിക്കഴിഞ്ഞു. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

‘സുരക്ഷിതവും തര്‍ക്കങ്ങളില്ലാത്തതുമായ യാത്ര’ എന്ന ലക്ഷ്യത്തോടെയുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തില്‍ സര്‍ക്കാരാണ് തുക നിശ്ചയിക്കുന്നത്. ഒപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജും ചേര്‍ത്തുള്ള കൂലിയായിരിക്കും ഈടാക്കുക. പോലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയ ഡ്രൈവര്‍മാര്‍ മാത്രമാണ് ‘കേരള സവാരി’യുടെ ഭാഗമാകുന്നത്.

സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെപ്പോലെ തിരക്കനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകില്ല. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്ലാനിങ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐ.ടി., പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടി മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഓട്ടോ, ടാക്സി തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ പലര്‍ക്കും അറിയില്ലെന്നും ഇന്ധനവില വര്‍ധന കാരണം അല്‍പം കൂലി കൂട്ടി ചോദിച്ചാല്‍ ഇന്ധനവില കൂട്ടിയത് തൊഴിലാളികളാണ് എന്ന മട്ടിലാണ് യാത്രക്കാര്‍ പ്രതികരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തൊഴിലാളികളുടെ പെരുമാറ്റം ഒരു പ്രധാന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ മേയറായിരുന്നപ്പോള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച ഓട്ടോറിക്ഷ പ്രീ-പെയിഡ് കൗണ്ടര്‍ ഇപ്പോഴും മാതൃകാപരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത്ത് പി.മനോഹര്‍, ഡയറക്ടര്‍ സതീഷ് കുമാര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ്് ശങ്കര്‍, എസ്.പി. അങ്കിത് അശോക്, ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐ.ടി.ഐ.) എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അനില്‍കുമാര്‍, ചീഫ് മാനേജര്‍ ജോണ്‍ സിറിയക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!