അപകടത്തിലേക്ക് തുറക്കുന്ന ആകാശജാലകങ്ങള്‍; സണ്‍റൂഫ് തുറന്നുള്ള യാത്ര സൂക്ഷിക്കണമെന്ന് എം.വി.ഡി.

പുതുതലമുറ വാഹനങ്ങളിലെ സണ്‍റൂഫ് സൗകര്യം ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണമെന്നു മോട്ടോര്‍ വാഹന വകുപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണു സുരക്ഷാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സണ്‍റൂഫുള്ള വാഹനങ്ങളില്‍ പുറംകാഴ്ച കാണുന്നതിനായി ഒന്നിലധികം കുട്ടികളെ കയറ്റി വാഹനമോടിച്ചു പോകുന്നവരുണ്ട്. ഇതപകടകരമാണെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു. പെട്ടെന്നു ബ്രേക്ക് ചെയ്യേണ്ടി വന്നാല്‍ കുട്ടികള്‍ തെറിച്ചുപോകാന്‍ സാധ്യതയുണ്ട്. കഴുത്തോ നെഞ്ചോ അതിശക്തിയായി റൂഫിന്റെ വശത്തിടിച്ചു ഗുരുതരമായ പരിക്കേല്‍ക്കാം.
മോട്ടോര്‍ വാഹന നിയമപ്രകാരം 14 വയസ്സിനു മുകളിലുള്ളവര്‍ സീറ്റ് ബെല്‍റ്റും 14-ല്‍ താഴെയുള്ളവര്‍ സീറ്റ് ബെല്‍റ്റോ ചൈല്‍ഡ് റെസ്‌ട്രെയിന്റ് സിസ്റ്റമോ ധരിക്കേണ്ടതാണ്. കുറഞ്ഞ വേഗത്തില്‍ പോകുമ്പോള്‍ കാറില്‍ ശുദ്ധവായു കയറുന്നതിനും മഞ്ഞുള്ളപ്പോള്‍ കാഴ്ചഭംഗിക്കും സണ്‍റൂഫ് സഹായകരമാണെങ്കിലും വേഗം കൂടിയ യാത്രകളില്‍ വാഹനത്തിന്റെ എയ്‌റോ ഡൈനാമിക്‌സില്‍ മാറ്റമുണ്ടാകുന്നതു മൂലം ഇന്ധനക്ഷമത കുറയും.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
അരുതേ അപകടത്തിന്റെ ഈ ആകാശ കാഴ്ചകള്‍
സണ്‍റൂഫ് ഉള്ള വാഹനങ്ങളില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനായി ഒന്നിലധികം കുട്ടികളെ വരെ സീറ്റില്‍ കയറ്റി നിര്‍ത്തിക്കൊണ്ട് വാഹനം ഓടിച്ചു പോകുന്ന കാഴ്ചകള്‍ നമ്മുടെ നിരത്തുകളില്‍ കാണാറുണ്ട് തീര്‍ത്തും അപകടം നിറഞ്ഞ ഒന്നാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തി.
വാഹനം ആടി ഉലയുമ്പോഴോ പെട്ടെന്ന് ബ്രേക്ക് ഇടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ തെറിച്ച് പോകുകയും ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണ് .
തെറിച്ചു പോയില്ലെങ്കില്‍ കൂടി ബ്രേക്കിംഗ് സമയത്ത് കുട്ടികളുടെ കഴുത്തോ നെഞ്ചോ അതിശക്തിയായി റൂഫ് എഡ്ജില്‍ ഇടിക്കുകയും ഗുരുതരമായ പരിക്ക് സംഭവിക്കുന്നതിനും ഇടയാക്കും.
മോട്ടോര്‍ വാഹന നിയമം 194 (B) പ്രകാരം 14 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സീറ്റ് ബെല്‍റ്റും 14 വയസ്സിന് താഴെയാണ് പ്രായം എങ്കില്‍ സീറ്റ് ബെല്‍റ്റോ ചൈല്‍ഡ് റീസ്‌ട്രെയിന്റ് സിസ്റ്റമോ ഒരു കാറില്‍ സഞ്ചരിക്കുന്ന സമയത്ത് നിര്‍ബന്ധമായും ധരിക്കേണ്ടതുമാണ്.
ചെറിയ വേഗതയില്‍ കാറില്‍ ശബ്ദശല്യമില്ലാതെ തന്നെ ശുദ്ധവായു സഞ്ചാരം ഉറപ്പുവരുത്തുന്നതിനും ചെറിയ മഴയോ മഞ്ഞോ ഉള്ള സന്ദര്‍ഭത്തില്‍ കാഴ്ച ഭംഗിക്കും സണ്‍റൂഫ് സഹായകരമാണ്.
നല്ല വെയിലുള്ളപ്പോഴും തിരക്കും, പൊടിയുംപുകയും നിറഞ്ഞ നഗര വീഥികളിലും ഇതിന്റെ ഉപയോഗം തുലോം കുറവാണ്. മാത്രവുമല്ല വേഗത കൂടിയ യാത്രകളില്‍ വാഹനത്തിന്റെ എയ്‌റോ ഡൈനാമിക്‌സില്‍ ഉണ്ടാകുന്ന മാറ്റം മൂലം അധിക ഇന്ധന നഷ്ടത്തിനും ഇത് കാരണമാകും.
ആഹ്‌ളാദകരമായ യാത്രകളില്‍ പക്വതയില്ലാത്ത കുഞ്ഞുങ്ങളുടെ നിര്‍ബന്ധം മൂലം ഇത്തരത്തിലുള്ള അപകടകരമായ പ്രവര്‍ത്തികള്‍ തടയേണ്ടത് ഉത്തരവാദിത്വമുള്ള രക്ഷിതാക്കളുടെ കടമയാണ്. കണ്ണീരണിയാതിരിക്കട്ടെ കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകള്‍.