കടൽക്ഷോഭം; വിറങ്ങലിച്ച് തീരദേശ കുടുംബങ്ങൾ
തലശ്ശേരി: മട്ടാമ്പ്രം ഇന്ദിരഗാന്ധി പാർക്ക് മുതൽ പുന്നോൽ പെട്ടിപ്പാലം വരെയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി വീട്ടുകാർ കടലാക്രമണ ഭീഷണിയിൽ. കടൽ ഭിത്തിയും തകർത്ത് തിരമാലകൾ ഇവിടെയുള്ള വീടുകളിലേക്ക് ഇരച്ചുകയറുകയാണ്. ഇതുകാരണം ചെറിയ കുട്ടികളടക്കം താമസിക്കുന്ന നിരവധി കുടുംബങ്ങൾ ശ്വാസമടക്കിയാണ് വീടുകളിൽ കഴിയുന്നത്. ശാസ്ത്രീയമായ നിലയിൽ പുലിമുട്ട് നിർമിക്കാത്തതാണ് കടലേറ്റത്തിന് കാരണമാകുന്നതായി തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചാലിൽ മുതൽ പെട്ടിപ്പാലം വരെയുള്ള തീരത്ത് അപ്രതീക്ഷിതമായി അടിക്കുന്ന തിരമാലകൾ മേഖലയിൽ ഭീഷണി ഉയർത്തുകയാണ്. കടലാക്രമണത്തിൽ നിന്നും രക്ഷനേടാൻ മാക്കൂട്ടം തീരപ്രദേശത്ത് പുലിമുട്ട് നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇവിടെ തിരയടിക്കുന്നത് തടഞ്ഞുനിർത്താൻ കെട്ടിയ ഭിത്തിപോലും ഒരു വർഷത്തിനുള്ളിൽ തകർന്നു. മഴക്കാലത്ത് ഭീതിയോടെയാണ് നിരവധി കുടുംബങ്ങൾ കഴിയുന്നത്. മാക്കൂട്ടം ലിമിറ്റ് പ്രസ് വളപ്പ് ഭാഗത്ത് വെയർ ഹൗസിന് പിറകിൽ കടൽഭിത്തി കെട്ടി ഉയർത്തുന്നതിനെതിരെ ദേശവാസികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാക്കൂട്ടം മുതൽ പെട്ടിപ്പാലം പൊതുശ്മശാനം വരെയുള്ള ഭാഗങ്ങളിൽ പുലിമുട്ട് കെട്ടി സംരക്ഷണഭിത്തി നിർമിക്കണമെന്ന തീരദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യം ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ലെന്ന ആവലാതി ഉയർത്തിയാണ് പ്രദേശവാസികൾ രംഗത്തെത്തിയത്.
ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ മാക്കൂട്ടം വെയർഹൗസിന് സമീപത്തായി കടൽഭിത്തി നിർമാണത്തിന് കല്ല് കെട്ടാനെത്തിയ തൊഴിലാളികളെ ദേശവാസികൾ തടഞ്ഞ് തിരിച്ചയക്കുകയുണ്ടായി.
കടൽക്ഷോഭം തടയാൻ മാക്കൂട്ടം ലിമിറ്റ് മുതൽ പെട്ടിപ്പാലം ശ്മശാനം വരെ പുലിമുട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ തങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിക്കാതെ ജനവാസമില്ലാത്ത മേഖലയിൽ കടൽഭിത്തി കെട്ടാനാണ് ഉദ്യോഗസ്ഥർ തിടുക്കം കൂട്ടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
40 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രസ് വളപ്പിലാണ് അടിയന്തരമായി പുലിമുട്ട് നിർമിക്കേണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
