പാലും പണവും അവശ്യസേവനങ്ങളുമായി റേഷൻകടകൾ
റേഷൻകടകളിൽനിന്ന് അരിയും മണ്ണെണ്ണയുംമാത്രം വാങ്ങിയിരുന്ന കാലം അവസാനിക്കുന്നു. പാലും മറ്റ് അവശ്യവസ്തുക്കളും ലഭിക്കുന്ന ജനസേവനകേന്ദ്രങ്ങളായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത റേഷൻകടകൾ മാറും. പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളും ഇവിടെ കിട്ടും. ‘കേരള സ്റ്റോർ’ എന്ന് പേരിട്ട പദ്ധതി നടപ്പാക്കാനായി ഓരോ ജില്ലയിലും അഞ്ച് റേഷൻകടകൾ തിരഞ്ഞെടുത്തുകഴിഞ്ഞു. ഇവിടങ്ങളിൽ പദ്ധതി വിജയിച്ചാൽ ഈവർഷംതന്നെ 1000 റേഷൻകടയിലേക്ക് വ്യാപിപ്പിക്കും.
രണ്ടുകിലോമീറ്റർ ചുറ്റളവിൽ ബാങ്കുകളോ എ.ടി.എം. സൗകര്യമോ അക്ഷയ സെന്ററുകളോ ഇല്ലാത്ത പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. 300 ചതുരശ്രയടിയിൽ സൗകര്യങ്ങളുള്ള മിനി സൂപ്പർ മാർക്കറ്റുകളായാണ് റേഷൻകടകൾ മാറുക. കേരള സ്റ്റോറിനുള്ള അടിസ്ഥാനസൗകര്യങ്ങൾ റേഷൻകടയുടമ ഉറപ്പാക്കണം. സഹായത്തിന് ജീവനക്കാരെയും നിയോഗിക്കാം. സർക്കാർസ്ഥാപനങ്ങളുടെയും മിൽമയുടെയും ഉത്‌പന്നങ്ങളും ഇവിടെ കിട്ടും.
റേഷൻസാധനങ്ങൾക്കുപുറമേ സിവിൽ സപ്ലൈസ് വകുപ്പ് സബ്‌സിഡിനിരക്കിൽ ലഭ്യമാക്കുന്ന ഉത്‌പന്നങ്ങളും ലഭിക്കും. അക്ഷയകേന്ദ്രങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും, ജനസേവനകേന്ദ്രങ്ങളാകുന്ന റേഷൻകടകളിൽ കിട്ടും. സേവനങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ ഈടാക്കുന്ന നിരക്കിൽ സർവീസ് ചാർജ് നൽകണം.
റേഷൻ വാങ്ങാനായി ഉപഭോക്താക്കൾ വിരലടയാളം പതിക്കുന്ന ഇ-പോസ് മെഷീൻ രാജ്യത്ത് അവതരിപ്പിച്ച ഘട്ടത്തിൽ കേന്ദ്രസർക്കാരാണ് ഈ ആശയം മുന്നോട്ടുവെച്ചത്. എല്ലാ റേഷൻകടകളും മൈക്രോ എ.ടി.എം. കൗണ്ടറുകളാക്കി മാറ്റണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.
