വികസനത്തിന് ‘ഒപ്പം’ നിന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്

കണ്ണൂർ: പട്ടിക ജാതി പട്ടിക വർഗ കോളനികളുടെ വികസനത്തിന് ‘ഒപ്പം’ പദ്ധതിയുമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. 47 എസ്.ടി കോളനികളും 27 എസ്.സി കോളനികളുമാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളത്. ഈ കോളനികളുടെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക ഉന്നമനത്തിനായി ‘ഒപ്പം’ എന്ന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. സമ്പൂർണ നവീകരണത്തോടൊപ്പം കോളനിവാസികളെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉളിക്കൽ, പയ്യാവൂർ, പടിയൂർ, എരുവേശി എന്നീ പഞ്ചായത്തുകളിലായാണ് 47 എസ്.ടി കോളനികളുള്ളത്. മലപ്പട്ടം, മയ്യിൽ, കുറ്റിയാട്ടൂർ, പടിയൂർ പഞ്ചായത്തുകളിലായി 27 എസ്.സി കോളനികളുമുണ്ട്. ജില്ല പഞ്ചായത്ത്, പട്ടികവർഗ വികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ സഹായത്തോടെയാണ് ‘ഒപ്പം’ നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ 13 കോളനികളെ തിരഞ്ഞെടുത്തു. പടിയൂർ കല്യാടെ ചാളംവയൽ, ഇരിക്കൂറിലെ പെരുവളത്തുപറമ്പ് പടിഞ്ഞാറേക്കര, ഉളിക്കലെ മുണ്ടാനൂർ കരിമ്പാല, പുറവയൽ അംബേദ്കർ, മയ്യിലെ നിരന്തോട്, കയരളം -നണിയൂർ നമ്പ്രം ചാണോപ്പാറ, കുറ്റിയാട്ടൂരിലെ ചാളമൂല, ചട്ടുകപ്പാറ തരിയേരി, മലപ്പട്ടത്തെ വെങ്ങലേരിക്കുന്ന്, കൊളന്ത ഏരുവേശിയിലെ കുനിയൻപുഴ, ചന്ദനക്കാംപാറ ചീത്തപാറ, പുതുശ്ശേരികോട്ട, ഉളിക്കലെ കല്ലേൻതോട് എന്നീ കോളനികളാണ് പദ്ധതിയിൽ ഉൾപ്പെട്ടത്. ഇവിടെ തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ പദ്ധതി നടത്തിപ്പിനായി മോണിറ്ററിങ് സമിതി രൂപവത്കരിച്ചു.
ആദ്യഘട്ടത്തിൽ കോളനികളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. നടപ്പാതകൾ, റോഡുകൾ, സോക്ക് പിറ്റുകൾ,ഡ്രെയ്നേജ്, കമ്യൂണിറ്റി ഹാൾ, വീടുകളുടെ അറ്റകുറ്റപ്പണി, സാംസ്കാരിക നിലയം, വായനശാലകൾ, കളിസ്ഥലങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വിദ്യാർഥികളുടെ ഉന്നമനത്തിനായി പ്രത്യേക ഇടപെടൽ നടത്തും. കാർഷിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴി, ആട് എന്നിവയെ വളർത്താൻ കൂടുകൾ സൗജന്യമായി നൽകും. അഞ്ചുവർഷംകൊണ്ട് ഇരിക്കൂർ ബ്ലോക്കിലെ മുഴുവൻ എസ്.സി, എസ്.ടി കോളനികളും നവീകരിക്കുകയാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് പറഞ്ഞു.