മട്ടന്നൂർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം
മട്ടന്നൂർ: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മട്ടന്നൂർ നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാദ്ധ്യക്ഷ അനിതാവേണുവിന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. വാഹനങ്ങൾ നിർത്തിയിടുന്നതിനും വിവിധ റോഡുകളിലേക്ക് കടന്നുപോകുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നിയമനടപടികൾ സ്വീകരിക്കും.
ബസ് സ്റ്റാൻഡ് ഭാഗത്തു നിന്ന് മട്ടന്നൂർ കോളേജ്, മണ്ണൂർ, മരുതായി പോകേണ്ട ചെറുവാഹനങ്ങൾ പ്രകാശ് ജംഗ്ഷൻ കഴിഞ്ഞ് ഇരിട്ടി ഭാഗത്തേക്ക് പോയി ഇടതുവശത്തുള്ള റോഡ് വഴി വൺവേയായി മരുതായി റോഡിൽ പ്രവേശിക്കണം. ഇരിട്ടി ഭാഗത്തു നിന്ന് മണ്ണൂർ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങളും പ്രകാശ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ഈ റോഡ് വഴി മരുതായി റോഡിൽ പ്രവേശിക്കണം. കണ്ണൂർ റോഡിൽ നിന്ന് മരുതായി റോഡിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കി ചെറുവാഹനങ്ങൾ മുന്നോട്ടുപോയി ജംഗ്ഷൻ കഴിഞ്ഞ് ഇടതുവശത്തെ റോഡിലൂടെ മരുതായി റോഡിലേക്ക് കടക്കണം.
ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് പൊലീസ് നിയന്ത്രിക്കും. ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വാഹനങ്ങൾ സ്റ്റാൻഡിന്റെ പിൻവശത്തുകൂടി ഗവ. ആശുപത്രി റോഡ് വഴി തലശ്ശേരി റോഡിൽ പ്രവേശിക്കണം. അല്ലെങ്കിൽ സൗഗന്ധ് ബേക്കറി, എക്‌സൽ സോഡ വഴി സ്റ്റാൻഡിൽ കയറാതെ പുറത്തേക്ക് പോകണം. റാറാവീസ് ഹോട്ടലിന്റെ വശങ്ങളിൽ ബസ്, ലോറി മുതലായവ നിർത്തിയുന്നത് നിരോധിച്ചു.
നോ പാർക്കിംഗ് അവഗണിച്ചാൽ പിഴ
വലിയ വാഹനങ്ങൾ വായന്തോട് ജംഗ്ഷൻ കഴിഞ്ഞുവരുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. തലശ്ശേരി റോഡിൽ ഇരുവശങ്ങളിലും വാഹനപാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച സ്ഥലത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പിഴയീടാക്കും. ഇന്നലെ മുതൽ 14 വരെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ബോധവൽക്കരണവും താക്കീതും നൽകാൻ തീരുമാനിച്ചെങ്കിലും ഇന്നലെ ആരംഭിച്ചില്ല. ഇന്ന് ബോധവത്ക്കരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.