തെരുവുനായ്ക്കളെ മാത്രമല്ല, വീട്ടിൽ വളർത്തുന്ന നായ്ക്കളെയും സൂക്ഷിക്കണം; പ്രധാനമാണ് പ്രഥമ ശുശ്രൂഷ

തെരുവുനായ്‌ക്കളുടെയും വളർത്തുനായ്‌ക്കളുടെയും കടിയും മാന്തുമേറ്റ് ഈവർഷം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയെത്തിയത് 16,483 പേർ. ആരോഗ്യവകുപ്പിന്റെ 2022 ജനുവരി ഒന്നുമുതൽ ജൂൺ-30 വരെയുള്ള കണക്കാണിത്. പൂച്ച മാന്തിയതും കടിച്ചതുമായി ബന്ധപ്പെട്ട് 14,105 പേരും മറ്റുമൃഗങ്ങളുടെ കടിയേറ്റ് 1,454 പേരും ചികിത്സതേടി.
നായയുടെ കടിയേറ്റ് മങ്കരയിൽ യുവതി മരിച്ചതുൾപ്പെടെ റാബിസ് ബാധമൂലം ഒരുവർഷത്തിനിടെ മൂന്ന് മരണവും ജില്ലയിലുണ്ടായി. സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയവരുടെ എണ്ണംകൂടി നോക്കിയാൽ മൊത്തക്കണക്ക് വീണ്ടും ഉയരും.
തെരുവുനായ്ക്കളെ മാത്രമല്ല, വീട്ടിൽ ഓമനിച്ച് വളർത്തുന്ന നായ്ക്കളെയും സൂക്ഷിക്കണം. നായകടിയുമായി ബന്ധപ്പെട്ട് ചികിത്സതേടിയവരിൽ ഭൂരിഭാഗവും വളർത്തുനായ്ക്കളിൽ നിന്ന് കടിയേറ്റവരാണെന്ന് അധികൃതർ പറയുന്നു. തെരുവു നായ്ക്കളിൽനിന്ന് കടിയേൽക്കുന്നവരും കുറവല്ല.
അടുത്തിടപഴകുമ്പോഴും അതിനെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുമ്പോഴുമെല്ലാമാണ് കൂടുതലും കടിയേൽക്കുന്നത്. നായ്‌ക്കൾ ജനിച്ച് രണ്ടുമാസം കഴിഞ്ഞ് 45 ദിവസത്തിനകവും തൊട്ടടുത്തമാസവും കൂടാതെ എല്ലാവർഷവും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകണം. എടുത്തുവളർത്തുന്ന തെരുവുനായ്ക്കൾക്കും ഇത് നൽകണം.
പ്രധാനമാണ് പ്രഥമ ശുശ്രൂഷ
നായയോ പൂച്ചയോ കടിച്ചാലും മാന്തിയാലും പ്രാഥമികശുശ്രൂഷ പ്രധാനമാണ്. മുറിവ് സോപ്പുപയോഗിച്ച് ഒഴുക്കുള്ള വെള്ളത്തിൽ 15 മിനിറ്റ് കഴുകണം. കടിയേറ്റാൽ ഉടൻ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുക്കണം. സർക്കാർ ആശുപത്രികളിൽ നാലുഡോസ് (ഇൻട്രാ ഡെർമൽ റാബീസ് വാക്സിൻ) കുത്തിവെക്കുക. ചോരവരികയോ ആഴത്തിൽ മുറിവുണ്ടാവുകയോ ചെയ്താൽ എ.ആർ.എസ്. (ആൻറി റാബീസ് സിറം) കുത്തിവെക്കണം. കടിയേറ്റ അന്നും തുടർന്ന് മൂന്ന്, ഏഴ്, 28 ദിവസങ്ങളിലുമാണ് കുത്തിവെപ്പെടുക്കേണ്ടത്.
കുത്തിവെപ്പ് ഉറപ്പാക്കണം
നായ്ക്കളുടെയോ പൂച്ചകളുടെയോ കടിയോ മാന്തോ ഏൽക്കുന്നവർ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണം. നിലവിൽ മരുന്നിന് ജില്ലയിൽ ക്ഷാമമൊന്നുമില്ല. തെരുവുനായ്ക്കളുടെ പ്രശ്നം തടയാൻ തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് മാലിന്യപ്രശ്നം ഉൾപ്പെടെ പരിഹരിക്കേണ്ടതായിട്ടുണ്ട്.