വളവ് തിരിക്കാന്‍ പോലും ശ്രമിക്കാതെ കാര്‍ ഇടിച്ചുകയറി; അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു
അടൂര്‍ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കൊട്ടാരക്കരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ്റിങ്ങല്‍ സ്വദേശി നിഖില്‍ രാജാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ മരിച്ചത്. നിഖില്‍രാജിന്റെ അച്ഛന്‍ രാജശേഖര ഭട്ടതിരി, അമ്മ ശോഭന എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു.
ബുധനാഴ്ച രാവിലെ 6.30-ഓടെ ഏനാത്ത് പുതുശ്ശേരി ഭാഗത്തെ വളവിലാണ് കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിഖില്‍ രാജും മാതാപിതാക്കളും തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു. പുതുശ്ശേരിയിലെ വളവില്‍വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിര്‍ദിശയില്‍നിന്ന് വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. ചടയമംഗലം സ്വദേശികളായ നാല് യുവാക്കളാണ് ഈ കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.
അതിനിടെ, ഏനാത്തെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാക്കള്‍ സഞ്ചരിച്ച കാര്‍ അമിതവേഗത്തിലെത്തി എതിര്‍ദിശയില്‍നിന്ന് വന്ന കാറിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുന്നിലെ വളവ് തിരിക്കാന്‍ പോലും ശ്രമിക്കാതെ കാര്‍ നേരേ പോയി എതിര്‍ദിശയിലെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗമോ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന നാല് യുവാക്കളില്‍നിന്ന് മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
