മികച്ച സംരംഭകനാകാനുള്ള വഴിയിൽ കോളിക്കടവിലെ ഉദ്യാനപാലകൻ
കണ്ണൂർ: ഔഷധക്കൃഷിയുടെ പരിപാലനരീതി പഠിക്കുന്നതിനാണ് പായം കോളിക്കടവിലെ കക്കണ്ടി ഷനൂപ് ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിലെത്തിയത്. തുടർന്ന് പൂന്തോട്ടനിർമാണത്തിൽ വിജയപാതയിലായി യാത്ര. ഇപ്പോൾ രാജ്യത്തെ 100 കൃഷിവിജ്ഞാൻ കേന്ദ്രങ്ങൾ മുഖേന നടപ്പാക്കുന്ന ‘ആര്യ’ പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ മികച്ച സംരംഭകനായി ഷനൂപിനെ അധികൃതർ ശുപാർശ ചെയ്തിരിക്കയാണ്.
നഴ്സറി, പൂന്തോട്ട നിർമാണം, പരിപാലനം, തേനീച്ച വളർത്തൽ എന്നിവയും പഠിപ്പിക്കും. പഠിതാക്കൾക്ക് സ്റ്റൈപ്പൻഡും കിട്ടും. ഒരുമാസത്തെ പരിശീലനം കൊണ്ട് കുറേ കാര്യങ്ങൾ പഠിച്ചു. പിന്നീട് സ്വകാര്യവ്യക്തികൾക്കു വേണ്ടി പൂന്തോട്ടങ്ങളും ലാൻഡ് സ്കേപ്പും ചെയ്തുകൊടുത്തു.
ഇതിനിടയിൽ കണ്ണൂർ വിമാനത്താവളത്തിലെ പൂന്തോട്ടങ്ങൾ നിർമിക്കാനും പരിചരിക്കാനും കരാറെടുത്ത കമ്പനിയിൽ ജോലിചെയ്തു. ഇപ്പോൾ വിമാനത്താവളത്തിലെ കാർ പാർക്കിങ്ങ് ഏരിയയിലുള്ള പൂന്തോട്ടങ്ങൾ പരിപാലിക്കുന്ന ജോലിയുടെ കരാർ മൂന്നുവർഷമായി ഏറ്റെടുത്തത് ഷനൂപാണ്. ഇതിനു പുറമെ, പുറത്തുള്ള ജോലികളും ചെയ്യുന്നു.
‘ആര്യ’യുടെ മികച്ച സംരംഭകനായി ഷനൂപിനെയാണ് ശുപാർശ ചെയ്തതെന്നും ദേശീയ സെമിനാറിൽ പ്രത്യേകം അഭിനന്ദിച്ചുവെന്നും കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജ് പറഞ്ഞു.
പദ്ധതിയുടെ മാസ്റ്റർ ട്രെയിനികൂടിയാണ് ഈ 33-കാരൻ. ഷനൂപിന്റെ കീഴിൽ കുറേപ്പേർ പരിശീലനം നേടുന്നുണ്ട്. എട്ടോളം ജോലിക്കാരുമുണ്ട്. ഭാര്യ: വിനീത. മകൻ: കാർത്തിക്.
