കണ്ണൂർ വിമാനത്താവള റോഡുകളുടെ അതിർത്തിക്കല്ല് സ്ഥാപിക്കൽ ഉടൻ തുടങ്ങും
പേരാവൂർ : സർവ്വേ നടപടികൾ പൂർത്തിയാക്കിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ച് വികസിപ്പിക്കുന്ന റോഡുകളിൽ മൂന്ന് റോഡുകളുടെ അതിർത്തി കല്ല് സ്ഥാപിക്കുന്ന ജോലികൾ ഉടനാരംഭിക്കും. റോഡിനായി ഏറ്റെടുക്കേണ്ട സ്ഥലത്താണ് അതിർത്തി കല്ല് സ്ഥാപിക്കുക.
മാനന്തവാടി-ബോയ്‌സ് ടൗൺ-പേരാവൂർ-ശിവപുരം-മട്ടന്നൂർ റോഡ് (63.50 കിലോമീറ്റർ), തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡ് (24.5 കിലോമീറ്റർ ), കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂർ-മേക്കുന്ന്- പാനൂർ-പൂക്കോട്-കൂത്തുപറമ്പ്-മട്ടന്നൂർ റോഡ് (53.15 കിലോമീറ്റർ ) എന്നീ മൂന്ന് റോഡുകളുടെ അതിർത്തിക്കല്ല് സ്ഥാപിക്കുന്ന ജോലികളാണ് ഉടൻ തുടങ്ങുക. 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയാണ് നിർമിക്കുന്നത്.
കർണാടക കേന്ദ്രമായ ഐ-ഡെക്ക് കൺസൾട്ടൻസി തയ്യറാക്കിയ അന്തിമ രൂപരേഖ, വിമാനത്താവള റോഡുകളുടെ നിർമാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറുകയും മറ്റ് നടപടികൾ പൂർത്തിയാവുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് ഏറ്റെടുക്കേണ്ട റോഡിന് അതിരുകല്ലുകൾ സ്ഥാപിക്കാൻ തീരുമാനമായത്.
മാനന്തവാടിയിൽ നിന്നും നാദാപുരത്ത് നിന്നും എത്തുന്ന റോഡുകൾ മട്ടന്നൂർ ടൗണിൽ പ്രവേശിക്കാതെ കനാലിന്റെ അടുത്ത് കൂടി കടന്നുപോകും. റോഡുകൾ തമ്മിൽ കൂടിച്ചേരുന്ന ഇടങ്ങളിൽ സർക്കിളുകൾ, വൺവേ റോഡുകൾ, ബൈപ്പാസ് എന്നിവ നിർമിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പദ്ധതി. തലശേരിയിൽ നിന്ന് അഞ്ചരക്കണ്ടി വഴി വിമാനത്താവളത്തിലെത്തുന്ന റോഡ് വിമാനത്താവള പ്രവേശനകവാടത്തിൽ നിന്ന് നിർദിഷ്ട മേലെ ചൊവ്വ-മട്ടന്നൂർ ദേശീയ പാതയിൽ വായാന്തോട് ജംഗ്ഷൻ വരെ നീട്ടും.
