പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിന്റെ ഔഷധക്കാപ്പിയും പപ്പടവും വിപണിയിലേക്ക്
കണ്ണൂർ: പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിന്റെ ഔഷധക്കാപ്പിയും പപ്പടവും വിപണിയിലേക്ക്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കുരുമുളകിനോടൊപ്പം പ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന ആയുർവേദ ഔഷധങ്ങളും ചേർത്താണ് കാപ്പിപ്പൊടി നിർമിച്ചിരിക്കുന്നത്. ഈർപ്പം തട്ടിയാൽ പൂപ്പൽബാധയുണ്ടാകുന്നതിനാൽ ശർക്കര ചേർത്തിട്ടില്ല. കുരുമുളക് ഗവേഷണകേന്ദ്രത്തിലെത്തുന്നവർക്ക് കുരുമുളക് കാപ്പിയും പൊടിയും വിതരണം തുടങ്ങി. ഒരു കപ്പിന് അഞ്ചുരൂപ എന്ന നിരക്കിലാണ് വിതരണം. നീലേശ്വരം നഗരസഭാ മുൻ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഓർഡർ ചെയ്യുന്നവർക്ക് കാപ്പിപ്പൊടി നൽകും. കാർഷിക സർവകലാശാലയുടെ വിപണനകേന്ദ്രം മുഖേനയാണ് കാപ്പിപ്പൊടിയും പപ്പടവും ആദ്യം വിൽപ്പന നടത്തുകയെന്നും ഓണത്തിന് പ്രത്യേക ബ്രാൻഡിൽ പൊതുവിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗവേഷണകേന്ദ്രം മേധാവി ഡോ. യാമിനി വർമ പറഞ്ഞു.
