അതിദാരിദ്ര്യ നിർമാർജനപദ്ധതിക്ക് മാർഗരേഖയായി

Share our post

സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജനപദ്ധതി നടപ്പാക്കാനുള്ള സൂക്ഷ്മതല പരിപാടിയുടെ മാർഗരേഖ തയ്യാറായി. ഉടൻ നടപ്പാക്കാവുന്ന പദ്ധതികൾ, ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ തരംതിരിച്ച് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലുവർഷത്തിനുള്ളിലാണ് പൂർത്തീകരണം. സർവേയിലൂടെ ഇതിന്റെ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു.

സംസ്ഥാന, ജില്ലാ, തദ്ദേശസ്ഥാപന തലത്തിൽ ഇതിനായി സമിതികൾ രൂപവത്കരിക്കും. പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഡാഷ് ബോർഡും തയ്യാറാക്കും. പഞ്ചായത്തുകൾ അഞ്ചുലക്ഷം, നഗരസഭകൾ 10 ലക്ഷം, കോർപ്പറേഷനുകൾ 15 ലക്ഷം എന്നിങ്ങനെ പൊതുവികസന ഫണ്ടിൽനിന്ന്‌ വകയിരുത്തണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും വിഹിതം നൽകണം.

ജനകീയ പങ്കാളിത്തത്തോടെ അധികവിഭവസമാഹരണം നടത്തണം. ഇതിനായി തദ്ദേശസ്ഥാപനതലത്തിൽ അതതിടത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സഹകരണമേഖലാ പ്രതിനിധികൾ, സന്നദ്ധസംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ വിളിച്ചുചേർക്കണം. സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നിർവഹണം.

ഉടൻ നടപ്പാക്കേണ്ട കാര്യങ്ങളിൽ പാകംചെയ്ത ഭക്ഷണമെത്തിക്കുക, റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ കാർഡ്, ഭിന്നശേഷിക്കാരുടെ സർട്ടിഫിക്കറ്റുകൾ എന്നിവ ലഭ്യമാക്കുക, സാമൂഹികസുരക്ഷാ പെൻഷൻ, കുടുംബങ്ങളെ കുടുംബശ്രീ അയൽക്കൂട്ടത്തിൽ ഉൾപ്പെടുത്തൽ, ചികിത്സ ലഭ്യമാക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു.

ഹ്രസ്വകാലപദ്ധതികളിൽ പോഷകനിലവാരവും ആരോഗ്യാവസ്ഥയും വിലയിരുത്തി ഭക്ഷണം നൽകുക, അലഞ്ഞുനടക്കുന്നവരെ പുനരധിവാസകേന്ദ്രങ്ങളിൽ എത്തിക്കുക, സമൂഹ അടുക്കളകൾ സ്ഥാപിക്കുക, ഭക്ഷ്യക്കിറ്റ് നൽകുക, മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും സഹായ ഉപകരണങ്ങളും ലഭ്യമാക്കുക എന്നിവയ്ക്കാണ് പ്രാധാന്യം. ഭൂമിയുള്ള ഭവനരഹിതരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുക, വീടുകളുടെ അറ്റകുറ്റപ്പണി, ശൗചാലയ നിർമാണം എന്നിവയും നടപ്പാക്കും.

ദീർഘകാല പദ്ധതികളിൽ പുനരധിവാസം, അടിസ്ഥാനസൗകര്യങ്ങൾ, ഉപജീവന പദ്ധതികൾ, ഭൂരഹിത ഭവനരഹിതർക്ക് വീട്, വീടുകളിലേക്കുള്ള യാത്രാമാർഗം എന്നിവയ്ക്കു മുൻഗണന നൽകും. തുടർപഠനസൗകര്യങ്ങൾ, നൈപുണ്യവികസന പരിശീലനം, ഉപജീവനമാർഗം വീടുകളിൽത്തന്നെ ലഭ്യമാക്കൽ, ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനത്തിന് സൗകര്യങ്ങൾ തുടങ്ങിയവയും നടപ്പാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!