കെട്ടിടനിർമാണാനുമതിക്ക് ഒരു അപേക്ഷ; സമർപ്പിക്കേണ്ടത് മൂന്നുവിധം
തിരുവനന്തപുരം: പഞ്ചായത്തുകളിൽ കെട്ടിടനിർമാണാനുമതിക്കുള്ള ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുവിധത്തിൽ. രണ്ടു വ്യത്യസ്ത സോഫ്റ്റ്‌വേറുകളിൽ ഓൺലൈൻ അപേക്ഷ നൽകുകയും പകർപ്പ് നേരിട്ട് ഓഫീസിൽ എത്തിക്കുകയും വേണം. തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്ത രണ്ട് സോഫ്റ്റ്‌വേറുകളും അപേക്ഷയിലെ സങ്കീർണതകളും കാരണം കുഴയുന്ന അപേക്ഷകരെ ചില ഉദ്യോഗസ്ഥർ മുതലെടുക്കുന്നുമുണ്ട്.
‘സങ്കേതം’ എന്ന സോഫ്റ്റ്‌വേറിലാണ് പഞ്ചായത്തുകളിൽ കെട്ടിടനിർമാണ അപേക്ഷകൾ സ്വീകരിച്ചിരുന്നത്. ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ് ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കിയപ്പോഴാണ് (ഐ.എൽ.ജി.എം.എസ്.) അതിലും പ്രത്യേകം അപേക്ഷ നൽകേണ്ടിവന്നത്. പഞ്ചായത്തുകളിൽ ഉപയോഗത്തിലുള്ള വിവിധ സേവനങ്ങൾ ഒരു സംവിധാനത്തിലേക്ക് മാറ്റാനാണ് ഐ.എൽ.ഡി.എം.എസ്. നടപ്പാക്കിയത്. ഈ സോഫ്റ്റ്‌വേറുകൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ഈ പോരായ്മകൾ കാരണം അപേക്ഷകൾ നേരിട്ട് ഓഫീസിൽ എത്തിക്കണം.
രണ്ട് ഓൺലൈൻ അപേക്ഷകളിലും നേരിട്ടുള്ള പകർപ്പിലും ഉദ്യോഗസ്ഥർ നടപടി എടുക്കേണ്ടിവരും. ഇതിൽ ഏതെങ്കിലും അപേക്ഷയിലുണ്ടാകുന്ന കാലതാമസം അപേക്ഷകരെ വലയ്ക്കും. ഉദ്യോഗസ്ഥർക്കും ഇരട്ടി ജോലിഭാരമാണ്. ഐ.എൽ.ജി.എം.എസിൽ ഓഫീസ് നടപടികളെല്ലാം അതേപടി പകർത്തിയിട്ടുണ്ട്.
അപേക്ഷ സ്കാൻ ചെയ്ത് ഇ-ഫയലിലേക്ക് മാറ്റിയശേഷം സൂപ്രണ്ട് വഴി സെക്രട്ടറിക്ക് സമർപ്പിക്കണം. ഇതിനുശേഷം വീണ്ടും സെക്‌ഷൻ ക്ലാർക്ക് വഴി എൻജിനിയറിങ് വിഭാഗത്തിൽ എത്തണം.
ഇതേരീതിയിൽ സാധാരണ ഫയലും നീങ്ങണം. എൻജിനിയറിങ് വിഭാഗം ‘സങ്കേത’ത്തിലാണ് ഈ ഫയലുകൾ പരിശോധിക്കുന്നത്. അപേക്ഷകളിലെ സങ്കീർണത കാരണം കെട്ടിടനിർമാണാനുമതി വൈകും. ഇതുകാരണം അപേക്ഷകർ ഇടനിലക്കാരെ സമീപിക്കാനും കൈക്കൂലി നൽകാനും നിർബന്ധിതരാകുന്നുണ്ട്.
സാങ്കേതിക പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ബിൽഡിങ് ഡിസൈനേഴ്‌സ് ഓർഗനൈസേഷൻ പ്രസിഡന്റ് എം. കവടിയാർ ഹരികുമാർ, മന്ത്രി എം.വി. ഗോവിന്ദന് നിവേദനം നൽകി.
