ജീവിതവും മരണവും മാതൃകയാക്കി ടി.ജി; മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന്
തളിപ്പൊയിൽ (മുഴക്കുന്ന്): മികച്ച കമ്മ്യൂണിസ്റ്റായി മാതൃകാ ജീവിതം നയിച്ച മുഴക്കുന്ന് തളിപ്പൊയിലിലെ ടി.ജി. പണിക്കർ എന്ന ടി. ഗോവിന്ദപ്പണിക്കർ തന്റെ മരണവും മാതൃകയാക്കി യാത്രയായി. മരണശേഷം തന്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നല്കണമെന്ന ഒസ്യത്ത് എഴുതി വെച്ചാണ് ടി.ജി. മരണ ശേഷവും മാതൃകയാവുന്നത്.
ബാല സംഘത്തിന്റേയും കർഷക സംഘത്തിന്റെയും പ്രവർത്തനങ്ങളിലൂടെ തുടങ്ങികമ്മ്യൂണിസ്റ്റ് പാർട്ടി വളണ്ടിയറായി ഉയർന്ന ടി.ജി,കല്ലാറത്ത് മാധവൻ നമ്പ്യാർ, വി. പത്മനാഭൻ മാഷ് തുടങ്ങിയ കർഷക നേതാക്കൻമാർക്കൊപ്പം സമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടാണ് മുഴക്കുന്നിൽ പൊതുപ്രവർത്തന രംഗത്ത് കർമനിരതനായത്.
1952-ൽ മുഴക്കുന്നിൽ ഗ്രാമീണ ഗ്രന്ഥാലയം സ്ഥാപിക്കാനുള്ള ശ്രമത്തിൽ കൃഷ്ണവാര്യർക്കൊപ്പവും കുഞ്ഞാപ്പ് മാഷ്‌ക്കൊപ്പവും പ്രവർത്തിച്ച ടി.ജി, ഗ്രന്ഥാലയത്തിന്റെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. ഇരിട്ടി റൂറൽ ഐക്യനാണയ സഹകരണ സംഘം (ഇപ്പോഴത്തെ സഹകരണ റൂറൽ ബാങ്ക്) വിളക്കോട്റേഷൻ കട തുടങ്ങിയപ്പോൾ സെയിൽസ് മാനായും പിന്നീട് പേരാവൂരിൽവളം ഡിപ്പോ തുടങ്ങിയപ്പോൾ മാനേജരായും ടി.ജി പ്രവർത്തിച്ചു. തുടർന്ന് ബാങ്ക് ജീവനക്കാരനായും ഏറെക്കാലം ജോലി ചെയ്തിരുന്നു.
ദേശാഭിമാനി പേരാവൂർ ഏരിയാ ലേഖകനായി ഏറെ നാൾ പ്രവർത്തിച്ച ടി.ജി പേരാവൂർ പ്രസ്‌ഫോറത്തിന്റെ സ്ഥാപകാംഗമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, സീനിയർ സിറ്റിസൺ ഫോറം, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയൻ തുടങ്ങിയ സംഘടനകളിലുമെല്ലാം ടി.ജി. പണിക്കരുടെ കാലടിപ്പാടുകൾ പതിഞ്ഞിരുന്നു.
ശനിയാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പത്തുമണിവരെ പൊതു ദർശനത്തിന് വെച്ചു.കനത്ത മഴയിലും അവസാനമായി കാണാൻ പാർട്ടി സഖാക്കളും നാട്ടുകാരും സഹപ്രവർത്തകരും തളിപ്പൊയിലിലെ ‘വർണ്ണിക’യിലേക്ക് ഒഴുകിയെത്തി.സി.പി.എം ജില്ലാ കമ്മറ്റിയംഗങ്ങൾ, ഇരിട്ടി, പേരാവൂർ ഏരിയക്കമ്മറ്റിയംഗങ്ങൾ, പരിഷത്ത് ഭാരവാഹികളുൾപ്പെടെ മൃതദേഹം കാണാൻ എത്തിച്ചേർന്നു.
പത്തു മണിക്ക് വീട്ടുമുറ്റത്തു നടന്ന അനുശോചനയോഗത്തിൽ സി.പി.എം നേതാക്കളായ വി.ജി. പദ്മനാഭൻ, എം. രാജൻ, ടി. പ്രസന്ന, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, വാർഡ് മെമ്പർ ടി.വി. സിനി, ശാസ്ത്ര സാഹിത്യപരിഷത്ത് നേതാക്കളായ ഒ.എം. ശങ്കരൻ, എം. വിജയകുമാർ, മുഴക്കുന്ന് വായനശാല സെക്രട്ടറി പി. സുർജിത്, ദേശാഭിമാനി സബ് എഡിറ്റർ എം. ഷാജി, നവകേരളം കർമ്മപദ്ധതി കണ്ണൂർ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ദേവദാസ്, നേതാവ് ഗിരീഷ് കുമാർ, എം. വേണു, എം. സുകുമാരൻ, ടി.വി. ശ്രീധരൻ തുടങ്ങിയവർ അനുശോചനമറിയിച്ച് സംസാരിച്ചു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറി.
