സ്കൂൾ, കോളേജ് വിനോദയാത്ര: വാഹന വിവരം മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണം

തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ വാഹനത്തിന്റെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിൽ അറിയിക്കണമെന്ന് നിർദേശം. ആവശ്യമെങ്കിൽ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാകും ഇനി വിനോദയാത്ര. എല്ലാ ഹയർസെക്കൻഡറി സ്ഥാപനങ്ങൾക്കും കോളേജുകൾക്കും ഈ അറിയിപ്പ് നൽകണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് തലവന്മാർക്ക് ഗതാഗത കമ്മിഷണർ നിർദേശം കൈമാറി.
വിനോദയാത്രയ്ക്കു മുന്നോടിയായി ആലപ്പുഴയിൽ ബസ്സിന് മുകളിൽ പൂത്തിരി കത്തിച്ച് തീ പടർന്ന സംഭവത്തെത്തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കർശന നിർദേശം. ഹയർ സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം തുടങ്ങിയ ഉന്നതവിദ്യാഭ്യാസ ഡയറക്ടർമാർക്കാണ് നിർദേശം കൈമാറിയത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്രയ്ക്കു മുൻപ് ബസ്സിന് രൂപ മാറ്റം വരുത്തുന്നതും ആഡംബര ലൈറ്റ്, അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം എന്നിവ ഘടിപ്പിക്കുന്നതും പതിവാണ്.