ഏകജാലക രീതിയിലാണ് ഹയര്‍ സെക്കണ്ടറി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഒരു ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെയും മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ഒറ്റ അപേക്ഷ നല്‍കിയാല്‍ സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. അപേക്ഷ നല്‍കുന്നതിന് മുന്‍പേ ചേരാന്‍ ആഗ്രഹിക്കുന്ന കോഴ്‌സ്, സ്‌കൂളുകള്‍ ഇവയെപ്പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്.
സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് എന്നീ മൂന്നു മുഖ്യകോഴ്‌സുകളാണ് ഹയര്‍ സെക്കണ്ടറിയില്‍ ഉള്ളത്. ഇതില്‍ സയന്‍സില്‍ ഒന്‍പത് സബ്ജക്ട് കോമ്പിനേഷനുകളും (ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 40 എന്ന കോഡില്‍ ഒരു കോമ്പിനേഷന്‍ വേറെയും ഉണ്ട്) ഹ്യുമാനിറ്റീസില്‍ 32 സബ്ജക്ട് കോമ്പിനേഷനുകളും കൊമേഴ്‌സില്‍ നാല് സബ്ജക്ട് കോമ്പിനേഷനുകളുമാണ് ഉള്ളത്.
സയന്‍സില്‍ ഏറ്റവും കൂടുതല്‍ സ്‌കൂളുകളില്‍ ഉള്ള സബ്ജക്ട് കോമ്പിനേഷന്‍ ’01’ആണ്. ഇങ്ങനെ ഓരോ സബ്ജക്ട് കോമ്പിനേഷനും ഓരോ കോഡ് നമ്പറും ഉണ്ടായിരിക്കും. ഇത് അപേക്ഷ നല്‍കുമ്പോള്‍ ആവശ്യമാണ്. ഇഷ്ടമുള്ള കോമ്പിനേഷനുകളുടെ കോഡുകള്‍ നേരത്തേ നോക്കി വെയ്ക്കുന്നത് അപേക്ഷ തെറ്റാതിരിക്കാന്‍ സഹായിക്കും
സ്‌കൂളുകള്‍ക്കും ഓരോ കോഡ് നമ്പര്‍ നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ആ സ്‌കൂളിന്റെ കോഡ് നമ്പര്‍ ശ്രദ്ധിച്ച് നോട്ട് ചെയ്യുക. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഒമ്പത് ജില്ലകള്‍ക്ക് നാല് അക്കമുള്ള സ്‌കൂള്‍ കോഡുകളും മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള അഞ്ച് ജില്ലകള്‍ക്ക് അഞ്ച് അക്ക സ്‌കൂള്‍ കോഡുകളും ആണ് ഉള്ളത്.
സ്‌കൂള്‍ കോഡുകളും കോഴ്‌സ് കോഡുകളും കണ്ടെത്തി മുന്‍ഗണനാക്രമത്തില്‍ പട്ടിക തയ്യാറാക്കുക എന്നതാണ് ഏകജാലക അപേക്ഷ സമര്‍പ്പിക്കാനായി ആദ്യം ചെയ്യേണ്ടത്.
ബോണസ് പോയന്റ്, ആനുകൂല്യങ്ങള്‍
ബോണസ് പോയന്റ് ലഭിക്കാന്‍ അര്‍ഹതയുള്ള യോഗ്യതകള്‍ നേടിയവര്‍ അവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് വെക്കുക. അതേപോലെ SC/ST/OEC വിഭാഗക്കാരും OEC ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള OBC വിഭാഗക്കാരും കമ്യൂണിറ്റി, നേറ്റിവിറ്റി, ഇന്‍കം സര്‍ട്ടിഫിക്കറ്റുകളും വാങ്ങി വെക്കേണ്ടതാണ്. ഇവയൊന്നും അപേക്ഷ നല്‍കുന്ന സമയത്ത് ആവശ്യമില്ല. പക്ഷേ പ്രവേശന സമയത്ത് ഇവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടിവരും.
www.admission.dge.kerala.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. പോര്‍ട്ടല്‍ തുറന്നാല്‍ ഹയര്‍സെക്കണ്ടറിയിലേക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലേക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള രണ്ട് ബട്ടണുകള്‍ കാണാം. ഹയര്‍ സെക്കണ്ടറി തിരഞ്ഞെടുത്താല്‍ തുടര്‍ന്നു വരുന്ന പേജില്‍ കുട്ടിയുടെ പ്രധാന വിവരങ്ങള്‍ രേഖപ്പെടുത്തണം.
എസ്.എസ്.എൽ.സി /സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ തുടങ്ങിയ യോഗ്യതാ പരീക്ഷകളുടെ രജിസ്റ്റര്‍ നമ്പര്‍, പരീക്ഷ പാസായ വര്‍ഷം, മാസം (പൊതുവേ മാര്‍ച്ച് സെലക്ട് ചെയ്യുന്നതാണ് ഉചിതം) തുടങ്ങിയവയും ഒരു മൊബൈല്‍ നമ്പറും ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. (മൊബൈല്‍ നമ്പര്‍ ഏറ്റവും കുറഞ്ഞത് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ എങ്കിലും ഉപയോഗത്തിലിരിക്കേണ്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക) ഇത് കുട്ടിയുടേതോ രക്ഷിതാവിന്റെയോ തന്നെ ആയിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ടാം ഭാഗം കൂടുതല്‍ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ കുട്ടിയുടെ ജാതി, മതം, വിഭാഗം തുടങ്ങിയവ രേഖപ്പെടുത്തേണ്ടതുണ്ട്. ഇവ തെറ്റു കൂടാതെ രേഖപ്പെടുത്തുക. അല്ലാത്തപക്ഷം പ്രവേശനത്തെ ബാധിക്കാനിടയുണ്ട്. കാരണം വിവിധ സംവരണ വിഭാഗങ്ങള്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ റിസര്‍വ് ചെയ്താണ് പ്രവേശനം നടത്തുന്നത്. കുട്ടികള്‍ വിഭാഗം തെറ്റായി രേഖപ്പെടുത്തിയാല്‍ അഡ്മിഷന്‍ നിരസിക്കപ്പെടും. ബോണസ് പോയന്റുകള്‍ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തുന്നത് ഇതേ ഭാഗത്താണ്. ഇവ പൂര്‍ത്തിയാക്കിയാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
യോഗ്യതാ പരീക്ഷയുടെ ഗ്രേഡുകള്‍ രേഖപ്പെടുത്തേണ്ടത് ഈ ഭാഗത്താണ്. 2022 ല്‍ SSLC കഴിഞ്ഞ വിദ്യാര്‍ഥികളുടെ ഗ്രേഡുകള്‍ ഇവിടെ വന്നതായി കാണാം. (പുനര്‍മൂല്യ നിര്‍ണയത്തില്‍ ഗ്രേഡില്‍ മാറ്റം വന്ന കുട്ടികളുടെ മാറിയ ഗ്രേഡ് ആണ് ഇവിടെ കാണിക്കുന്നത് എന്ന് ഈ ഘട്ടത്തില്‍ ഉറപ്പാക്കേണ്ടതാണ്) SSLC ഒഴികെയുള്ള മറ്റ് യോഗ്യതാ പരീക്ഷകള്‍ (CBSE, ICSE etc) പാസായ കുട്ടികള്‍ ഇവിടെ സ്വന്തം ഗ്രേഡുകള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുകയാണ് വേണ്ടത്.
അടുത്ത ഘട്ടത്തിലാണ് സ്‌കൂള്‍, കോഴ്‌സ് ഇവ രേഖപ്പെടുത്തേണ്ടത്. ഇവിടെ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സ്‌കൂളും കോഴ്‌സും ആദ്യം, തുടര്‍ന്ന് രണ്ടാമത് ആഗ്രഹിക്കുന്നത് എന്നിങ്ങനെ ക്രമത്തില്‍ രേഖപ്പെടുത്തുക.
- സ്‌കൂള്‍ കോഡുകള്‍ രേഖപ്പെടുത്തുമ്പോള്‍ ഉദ്ദേശിച്ച സ്‌കൂള്‍ തന്നെയാണ് വന്നിട്ടുള്ളത് എന്ന് ഉറപ്പാക്കേണ്ടതാണ്.
- യാതൊരു കാരണവശാലും പ്രവേശനം നേടാന്‍ താല്പര്യമില്ലാത്ത സ്‌കൂള്‍, കോഴ്‌സ് ഇവ അപേക്ഷയില്‍ ഉള്‍പ്പെടുത്താതിരിക്കുക. ട്രാന്‍സ്ഫറിനുള്ള സാധ്യത ഉണ്ടെങ്കിലും അത് പരിമിതമാണ്.
കോഴ്‌സുകളും സ്‌കൂളുകളും മുന്‍ഗണനാ ക്രമത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി രേഖപ്പെടുത്തി (ബോണസ് പോയന്റിനായി സമര്‍പ്പിച്ച രേഖയുടെ നമ്പര്‍, തീയതി തുടങ്ങിയവ) അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കാം.
അവസാന സമര്‍പ്പണം പൂര്‍ത്തിയാക്കിയ അപേക്ഷയുടെ ഒരു പ്രിന്റ് എടുത്ത് വയ്ക്കുന്നത് നല്ലതാണ്.
ഇത്രയുമാണ് ഹയര്‍ സെക്കണ്ടറി മെറിറ്റ് സീറ്റിലേക്ക് ഉള്ള അപേക്ഷ സമര്‍പ്പണ നടപടിക്രമം. ഇതുകൂടാതെ അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്കും, കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കും, മാനേജ്‌മെന്റ് സീറ്റുകളിലേക്കും, സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കും പ്രവേശനത്തിനായി വെവ്വേറെ നടപടി ക്രമങ്ങള്‍ ഉണ്ട്.
അണ്‍ എയ്ഡഡ് സ്‌കൂള്‍ പ്രവേശനം ഏകജാലകത്തില്‍ ഉള്‍പ്പെടുന്നില്ല. വിദ്യാര്‍ഥി പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ നേരിട്ട് അപേക്ഷ നല്‍കി പ്രവേശനം നേടാവുന്നതാണ്.
കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം
എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അവ നടത്തുന്ന സമുദായത്തില്‍പെട്ട കുട്ടികള്‍ക്ക് നിശ്ചിത സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഈ സീറ്റുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ഈ സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷകള്‍ കേന്ദ്രീകൃത അഡ്മിഷന്‍ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്ത് പോര്‍ട്ടലില്‍ നിന്നും ലഭിക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത്.