സേനയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ പരിശീലനമൊരുക്കി മുന്‍ സൈനികന്‍

കോഴിക്കോട് : അതിരാവിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള മൈതാനിയിലും കൊല്ലം ചിറയിലുമൊക്കെ ഒരുകൂട്ടം യുവാക്കളെ കാണാം. പ്രതിരോധ, പോലീസ് സേനകളില്‍ ജോലിനേടാന്‍ പരിശീലനം നേടുകയാണവര്‍. ഇവരെയൊക്കെ സൗജന്യമായി പരിശീലിപ്പിക്കുന്നത് ഒരു മുന്‍സൈനികനാണ് -കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ പോലീസുകാരനായി ജോലിചെയ്യുന്ന കൊല്ലം മീത്തല്‍ വീട്ടില്‍ എം. അജയ് കുമാര്‍.
നിസ്വാര്‍ഥസേവനത്തിലൂടെ നാടിനാകെ അഭിമാനമാകുകയാണ് അജയ് കുമാര്‍. സൈനിക, പോലീസ്, ഫയര്‍ഫോഴ്സ് സേനകളില്‍ ജോലിനേടാനാണ് യുവാക്കള്‍ക്ക് ചിട്ടയാര്‍ന്ന പരിശീലനം നല്‍കുന്നത്.
താന്‍ പരിശീലനം നല്‍കിയ 250-ലധികം യുവാക്കള്‍ക്ക് പ്രതിരോധ, പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ് സേനകളില്‍ ജോലികിട്ടിയതായി അജയ്കുമാര്‍ അഭിമാനത്തോടെ പറഞ്ഞു. ഒരുപ്രതിഫലവും വാങ്ങാതെ തികച്ചും സൗജന്യമായാണ് പരിശീലനം.
16 വര്‍ഷത്തെ കരസേനാജീവിതത്തിനുശേഷം 2007 ഫെബ്രുവരിയിലാണ് അജയ് കുമാര്‍ വിരമിച്ചത്. ആവര്‍ഷംതന്നെ കായികപരിശീലനവും തുടങ്ങിയിരുന്നു. പിന്നീട് 2010-ല്‍ പി.എസ്.സി. പരീക്ഷയെഴുതി കേരളപോലീസില്‍ ജോലി ലഭിച്ചു. ജോലിയുടെ ഇടവേളകളിലാണ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്. ചിട്ടയാര്‍ന്നതും കഠിനവുമായ പരിശീലനമാണ് നല്‍കുക.
ആദ്യമൊക്കെ കൊല്ലത്തിന്റെ സമീപപ്രദേശത്തുള്ളവരായിരുന്നു പരിശീലനത്തിനെത്തിയിരുന്നത്. ഇപ്പോള്‍ മറ്റുപ്രദേശത്തുള്ളവരും വരുന്നുണ്ട്. നിലവില്‍ 80 പേര്‍ സ്ഥിരമായി പരിശീലനത്തിനെത്തുന്നുണ്ട്. ഇതില്‍ യുവതികളുമുണ്ട്. അജയ് കുമാര്‍ പരിശീലനം നല്‍കിയ 25 പെണ്‍കുട്ടികള്‍ വനിതാപോലീസിലും എക്‌സൈസിലും ജോലിയില്‍ക്കയറി. പോലീസ്, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ, ആര്‍മി, ഫയര്‍ഫോഴ്സ് എന്നിവയിലേക്കുള്ള സെലക്ഷനുവേണ്ടിയാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നതെന്ന് അജയ് കുമാര്‍ പറഞ്ഞു.
ദിവസവും രണ്ടുമണിക്കൂറാണ് പരിശീലനം. രാവിലെ ആറിന് ആരംഭിക്കും. ദീര്‍ഘദൂര ഓട്ടം, പുള്‍ അപ്പ്, റോപ്പ് ക്ലൈമ്പിങ്, ബെന്‍ഡിങ്, സ്ട്രെച്ചിങ് തുടങ്ങിയ ശാരീരിക വ്യായാമങ്ങളിലാണ് ഏറെ ശ്രദ്ധകേന്ദ്രീകരിക്കുക. മകന്‍ ശ്രീബാലും വിമുക്തഭടനായ കൊല്ലം മൂത്തേടത്ത് ഹരിദാസനും ഇടവേളകളില്‍ പരിശീലനത്തിന് സഹായിക്കാനെത്തും.