ശിശു ക്ഷേമത്തിനായി വാത്സല്യ സദനും മിഷന്‍ വാത്സല്യ പോര്‍ട്ടലും വരുന്നു

ന്യൂഡല്‍ഹി: മിഷന്‍ ശക്തി, പോഷന്‍ 2.0 എന്നിവയ്‌ക്കൊപ്പം കുട്ടികളുടെ ആരോഗ്യകരമായ ബാല്യകാലം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ത്രികോണ പദ്ധതികളിലൊന്നായ മിഷന്‍ വാത്സല്യയ്ക്കുകീഴില്‍ കേന്ദ്രം പോര്‍ട്ടല്‍ ആരംഭിച്ചു. വനിതാ ശിശുക്ഷേമമന്ത്രാലയം പുറത്തിറക്കിയ മിഷന്‍ വാത്സല്യയുടെ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. വാത്സല്യസദന്‍ ശിശുസംരക്ഷണകേന്ദ്രമാണ് മറ്റൊരുപദ്ധതി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പദ്ധതി വിഹിതത്തിന്റെ 90 ശതമാനം കേന്ദ്രംനല്‍കും. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനമാണ് പദ്ധതിവിഹിതം. കേന്ദ്രഭരണ പ്രദേശങ്ങളില്‍ മുഴുവന്‍ ചെലവും കേന്ദ്രംവഹിക്കും.
പരിചരിക്കുന്ന കുട്ടിയുടെ പ്രായവും ആരോഗ്യസാഹചര്യവും കണക്കിലെടുത്ത് നാല് തരത്തിലാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം സഹായധനം നല്‍കുക. സ്‌പോണ്‍ഷര്‍ഷിപ്പ്, പോറ്റുന്നവര്‍, ദത്തെടുപ്പ്, തുടര്‍പരിചരണം എന്നിവര്‍ക്ക് 4000 രൂപ വീതം നല്‍കും. കൂടുതല്‍ ചെലവാകുന്ന പണം സംസ്ഥാനസര്‍ക്കാരുകള്‍ കണ്ടെത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനുകീഴിലുള്ള ട്രാക്ക് ചൈല്‍ഡ്, കെയറിങ്‌സ്, ഐ.സി.പി.എസ്. എന്നീ പോര്‍ട്ടലുകളെല്ലാം വാത്സല്യപോര്‍ട്ടലിന് കീഴില്‍ കൊണ്ടുവരും. കാണാതായ കുട്ടികളെ കണ്ടെത്താനുള്ള ‘ഖോയപായ’ എന്ന പൗര കേന്ദ്രീകൃത അപേക്ഷാസംവിധാനവും ഈ പോര്‍ട്ടലിനുകീഴില്‍ കൊണ്ടുവരും.
സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും പങ്കാളിത്തത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ രൂപവത്കരിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ ഹെല്‍പ്‌ലൈന്‍ നമ്പറായ 112മായി യോജിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. ചൈല്‍ഡ്‌ലൈനിലൂടെയും ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1098 വഴിയും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.