കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഓഫീസ് പരിസരത്ത് ശിശുപരിചരണ കേന്ദ്രങ്ങൾ വരുന്നു
        ആലപ്പുഴ: ആറുമാസം മുതൽ ആറുവയസ്സുവരെ പ്രായയുള്ള കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് ഇനി ആശങ്ക വേണ്ടാ. കുട്ടികളെ പരിചരിക്കാൻ ഓഫീസിനോടുചേർന്ന് ശിശുപരിചരണ കേന്ദ്രങ്ങൾ (ക്രഷ്) സ്ഥാപിക്കുന്നു. ദേശീയ ക്രഷ് പദ്ധതിയുടെ ഭാഗമായി സർക്കാർ ഏറ്റെടുത്ത് നടത്തിയിരുന്നതും പിന്നീട്, നിർത്തിയതുമായ കേന്ദ്രങ്ങളാണ് സർക്കാർ സ്ഥാപനങ്ങളുള്ളയിടങ്ങളിലേക്ക് മാറ്റുന്നത്.
സർക്കാർ കെട്ടിടസമുച്ചയങ്ങൾ, സർക്കാർ-എയ്ഡഡ് കോളേജുകൾ, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയിൽവരുന്ന പ്രധാന സ്ഥാപനങ്ങൾ തുടങ്ങിയവയുള്ള സ്ഥലത്തേക്കാണ് ഇവ മാറ്റുന്നത്. അതോടെ ഇവിടങ്ങളിലെ ജീനവക്കാർക്ക് കുട്ടികളെ സുരക്ഷിതമായി ഏൽപ്പിച്ച് ജോലിചെയ്യാം.
ആദ്യഘട്ടത്തിൽ 11 ജില്ലകളിലായി 20 ശിശുപരിചരണ കേന്ദ്രങ്ങളാണു പുനഃസ്ഥാപിക്കുന്നത്. തിരുവനന്തപുരം-നാല്, കോഴിക്കോട്-മൂന്ന്, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ രണ്ടു വീതം, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് പരിചരണകേന്ദ്രങ്ങൾ.
ഇതിനായി സർക്കാർ 40 ലക്ഷം രൂപയനുവദിച്ചു. കുഞ്ഞുങ്ങളുടെ പരിപാലനം, ശുചിത്വം, മാനസികോല്ലാസം, പ്രീ-സ്കൂൾ പ്രവർത്തനങ്ങൾ, നിരീക്ഷണസംവിധാനം തുടങ്ങിയവയ്ക്കായുള്ള സാധന സാമഗ്രികൾ വാങ്ങുന്നതിന് ഒരുകേന്ദ്രത്തിനു രണ്ടുലക്ഷംരൂപ വീതമാണ് നൽകുക. കേന്ദ്രങ്ങളിലാവശ്യമായ റഫ്രിജറേറ്റർ, അലക്കുയന്ത്രം, ഗ്യാസ് കണക്ഷനും സ്റ്റൗവും ശിശുസൗഹൃദ ഉപകരണങ്ങൾ, പാത്രങ്ങൾ, മുലയൂട്ടുന്നതിനുള്ള സൗകര്യം തുടങ്ങിയവയ്ക്കായി പരമാവധി ഒന്നരലക്ഷം രൂപ ചെലവിടും. മെത്ത, കളിപ്പാട്ടം, പായ, ബക്കറ്റ്, വിരിപ്പുകൾ, ശുചീകരണ ഉപകരണങ്ങൾ എന്നിവയ്ക്കായി 50,000 രൂപയും.
