യഥാര്‍ഥ വണ്ടി സ്റ്റേഷനില്‍, അതേ നമ്പറിലുള്ള ബൈക്കില്‍ റോഡില്‍ അഭ്യാസം; തെളിയുന്നത് വലിയ തട്ടിപ്പ്
ചേര്‍ത്തല: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെപോയ ബൈക്ക് പിന്തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ അന്വേഷണത്തില്‍ തെളിയുന്നത് വന്‍ തട്ടിപ്പുകള്‍. പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ബൈക്ക് ഓടിച്ചതടക്കമുള്ള തട്ടിപ്പുകളാണ് കണ്ടെത്തിയത്.
വ്യാജനമ്പരുപയോഗിച്ച ബൈക്ക് മോഷ്ടിച്ചതാണെന്ന് സംശയമുയര്‍ന്നതിനാല്‍ മോട്ടോര്‍വാഹന വകുപ്പ് കേസ് ചേര്‍ത്തല പോലീസിന് കൈമാറി. ചേര്‍ത്തല തിരുവിഴസ്വദേശി ദീപുവിനെ പ്രതിയാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. പോലീസ് അന്വേഷണമാരംഭിച്ചു. ദീപു പിടിയിലായതായാണ് സൂചന.
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം നടത്തിയ ഓപ്പറേഷന്‍ റേസിന്റെ ഭാഗമായി ചേര്‍ത്തല മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍ കെ.ജി. ബിജുവിന്റെ നേതൃത്വത്തില്‍നടന്ന പരിശോധനയ്ക്കിടെയാണ് ബൈക്ക് നിര്‍ത്താതെ പോയത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകണ്ടെത്തിയത്.
നിലവില്‍ ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കുന്ന ബൈക്കിന്റെ അതേനമ്പരില്‍ത്തന്നെ മറ്റൊരു ബൈക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത്തെ ബൈക്ക് മോഷ്ടിച്ചതാണെന്നാണ് കണ്ടെത്തിയത്. വിഷയത്തില്‍ വിശദമായ അന്വേഷണംനടത്താനാണ് തീരുമാനം.
