പൊറോട്ടയ്ക്ക് വില കൂടുതലെന്നാരോപിച്ച്‌ ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു

Share our post

ആറ്റിങ്ങൽ: പൊറോട്ടയ്ക്ക് കൂടുതൽ വിലയീടാക്കിയെന്നാരോപിച്ച് കാറിലെത്തിയ സംഘം ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാൻഡ് എന്ന ഹോട്ടലിന്റെ ഉടമ ആറ്റിങ്ങൽ മൂന്ന്മുക്ക് ബി.എൽ.നിവാസിൽ ഡിജോയിക്കാണ് (34) പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 12.45-നാണ് സംഭവം. കാറിലെത്തിയ അഞ്ചംഗസംഘം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് പണമടച്ചശേഷം മടങ്ങി. അല്പസമയം കഴിഞ്ഞ് ഈ സംഘം തിരികെ ഹോട്ടലിലെത്തി പൊറോട്ടയ്ക്ക് അമിതവിലയീടാക്കിയെന്നാരോപിച്ച് ഡിജോയിയുമായി വഴക്കുണ്ടാക്കി. ഒരു പൊറോട്ടയ്ക്ക്‌ 12 രൂപയാണ്‌ ഇവിടത്തെ വില. തുടർന്ന് ക്യാഷ്‌കൗണ്ടറിലായിരുന്ന ഡിജോയിയെ സംഘം കടയ്ക്ക് പുറത്തേയ്ക്ക് വിളിച്ചുകൊണ്ടുപോയി. ഡിജോയി പോലീസിനെ വിളിക്കാനായി ഫോണെടുത്തപ്പോൾ കടയ്ക്കുമുന്നിൽ അടുക്കിവച്ചിരുന്ന പാലിന്റെ ഡ്രേ എടുത്ത് അക്രമികളിലൊരാൾ പിന്നിൽനിന്നു തലയ്ക്കടിച്ചു.

അടികൊണ്ട് നിലത്തുവീണ ഡിജോയിയെ വീണ്ടും മർദ്ദിച്ചശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. ഹോട്ടൽജീവനക്കാരെത്തിയാണ് ഡിജോയിയെ ആശുപത്രിയിലെത്തിച്ചത്. ആറ്റിങ്ങൽ പോലീസിൽ പരാതി നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!