വൈദ്യുത പോസ്റ്റുകളിൽ തീപിടിത്തം പതിവ്; വൻ ദുരന്ത സാധ്യത

നഗരത്തിൽ വൈദ്യുത പോസ്റ്റുകളിൽ തീപിടിത്തം പതിവാകുന്നു. വൻ ദുരന്തം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ നെട്ടോട്ടമോടി കെ.എസ്.ഇ.ബി ജീവനക്കാർ. അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി ബന്ധം വിഛേദിക്കുന്നത് വ്യാപാരികൾ ഉൾപ്പെടെയുള്ളവരെയും ദുരിതത്തിലാകുന്നു. ഇന്നലെ ഉച്ചക്ക് ശേഷം മാർക്കറ്റ് റോഡിൽ പോസ്റ്റിൽ തീപിടിത്തം ഉണ്ടായതാണ് ഒടുവിലെ സംഭവം. പലപ്പോഴും അഗ്നിരക്ഷാ സേന ജീവനക്കാർ എത്തിയാണ് തീ അണയ്ക്കുന്നത്.
എ.ബി.സി കേബിളുകൾ സ്ഥാപിച്ചത് മുതൽ സർവീസ് കണക്‌ഷൻ ബോക്സുകളെക്കുറിച്ച് സമാനമായ പരാതികൾ ഉയർന്നിരുന്നു. എന്നാൽ അടുത്തിടെയാണ് വ്യാപകമായി തീ പിടിത്തം ഉണ്ടാകുന്നത്. ഇത് കെ.എസ്.ഇ.ബി ജീവനക്കാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. ബോക്സുകളുടെ കാലപ്പഴക്കവും വൈദ്യുതി ലൈനിൽ തീ പിടിത്തം ഉണ്ടാകുന്നതും വലിയ രീതിയിൽ അപകടത്തിന് കാരണമായേക്കും എന്നതാണ് ആശങ്കയുടെ പ്രധാന കാരണം.
പതിവായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് കെ.എസ്.ഇ.ബി ജീവനക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. തിരക്കേറിയ സമയത്ത് വൈദ്യുതി ബന്ധം വിഛേദിക്കുന്നത് വ്യാപക പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നു.
ബോക്സുകൾ ഒഴിവാക്കി പകരം കണക്ടർ സ്ഥാപിക്കുകയാണ് നിലവിൽ കെ.എസ്.ഇ.ബി ചെയ്യുന്നത്. എം.സി റോഡിൽ പെരുന്ന മുതൽ സെൻട്രൽ ജംക്‌ഷൻ വരെയുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ കണക്ടറുകൾ സ്ഥാപിച്ചു കഴിഞ്ഞു. തീ പിടിത്തം ഉണ്ടാകുന്ന പോസ്റ്റുകളിൽ ബോക്സുകൾ മാറ്റി പകരം കണക്ടറുകൾ സ്ഥാപിക്കുന്നുണ്ട്. എന്നാൽ ബോക്സുകൾ പൂർണമായി മാറ്റാൻ കൂടുതൽ സമയം വേണ്ടി വരും.
എബിസി കേബിളുകളിൽ നിന്നുള്ള സർവീസ് കണക്‌ഷൻ നൽകുന്നതിനുള്ള ബോക്സുകൾ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് പ്രധാനമായും തീപിടിത്തം ഉണ്ടാകുന്നതെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നത്. ബോക്സിനുള്ളിൽ വെള്ളം ഇറങ്ങുന്നതും ഷോർട്ട് ആയി തീപിടിത്തത്തിനും കാരണമാകുന്നു.