അപകടം പതിവാകുന്നു: ഇരിട്ടി – പേരാവൂർ കെ.എസ്.ടി.പി. റോഡ് നവീകരിക്കാൻ നടപടിയില്ല
ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലത്തിലെ വാഹനത്തിരക്കുള്ള പ്രധാന റോഡാണ് ഇരിട്ടി-നിടുംപൊയിൽ കെ.എസ്.ടി.പി. റോഡിന്റെ ഭാഗമായ ഇരിട്ടി – പേരാവൂർ റോഡ്. മേഖലയിലെ തിരക്കുകുറഞ്ഞ റോഡുകൾ പോലും വീതികൂട്ടി മെക്കാഡം ടാറിങ് നടത്തി ദേശീയപാത നിലവാരത്തിലേക്ക് ഉയർന്നപ്പോൾ ഇരിട്ടി-പേരാവൂർ റോഡിന് ഒരുമാറ്റവും ഇല്ല.
വർഷങ്ങൾക്ക് മുമ്പ് നവീകരിച്ച റോഡിൽ നിറയെ കുഴികളാണ്. കാലാകാലമായി കുഴികൾ അടച്ചുള്ള അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നത്. ചില ഭാഗങ്ങളിൽ നടുഭാഗം പൊന്തിയും മറ്റിടങ്ങളിൽ താഴ്ന്നുമാണ് റോഡിന്റെ ആകൃതി. ഇതുമൂലം യാത്രാസുഖം ഒട്ടും ഇല്ലെന്ന് മാത്രമല്ല അപകടങ്ങളും പതിവാണ്. ആഴ്ചയിൽ മൂന്നും നാലും അപകടങ്ങളാണ് 10 കിലോമീറ്റർ താഴെയുള്ള ദൂരത്തിനിടെ സംഭവിക്കുന്നത്. ഇതിനെല്ലാം കാരണം റോഡിന്റെ നിലവാരത്തകർച്ചയാണ്. കാലവർഷം ശക്തിപ്രാപിച്ചതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ സ്ഥിരമായി അപകടത്തിൽപ്പെടുന്നു. കാൽനടയാത്രക്കാർക്ക് റോഡിൽനിന്ന് ചെളിവെള്ളം തെറിച്ചുള്ള പ്രയാസങ്ങളും ഏറെയാണ്.
ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് പയഞ്ചേരി മുക്ക് മുതൽ ജബ്ബാർകടവ് വരെയുള്ള ഭാഗങ്ങളിലാണ്. മിക്ക ദിവസങ്ങളിലും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം കൊട്ടിയൂരിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസും ഇരിട്ടി ഭാഗത്തുനിന്ന് പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു യുവാവിന്റെ ജീവൻ നഷ്ടമായി. ഓട്ടോറിക്ഷ യാത്രികരായ മറ്റ് രണ്ടുപേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഇതിനുമുൻപും ഈ മേഖലയിൽ കാൽനടയാത്ര ചെയ്യുന്ന ആൾ വാഹനം ഇടിച്ച് മരിച്ച സംഭവമുണ്ട്. പയഞ്ചേരി വായനശാലമുതൽ ശ്യാമള ലൈൻവരെയുള്ള ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡ് നേർരേഖയായതിനാൽ വാഹനങ്ങൾ അമിത വേഗതയിലാണ് കടന്നുപോകുന്നത്. റോഡിന് വീതിയും നടപ്പാതയും ഇല്ലാത്ത ഭാഗമാണിത്.
ഈ മേഖലയിലുള്ള മൂന്ന് കലുങ്കുകൾ അപകടാവസ്ഥയിലാണ്. ശ്യാമളാ ലൈനിൽ റോഡിലെ വെള്ളക്കെട്ടും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മതിയായ ഓവുചാൽ സംവിധാനം ഉൾപ്പെടെ ഇവിടെ ഒരുക്കിയിട്ടില്ല. ജബ്ബാർകടവ് കവലയാണ് മറ്റൊരു അപകടമേഖല. ആറളം, പായം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ജബ്ബാർകടവ് കവലയിൽവെച്ചാണ് തിരിഞ്ഞുപോകുന്നത്. എന്നാൽ ഇവിടെ വേഗനിയന്ത്രണ സംവിധാനമോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. വയനാട്ടിലേക്കും കൊട്ടിയൂരിലേക്കുമുള്ള പാത എന്ന പരിഗണനയിലെങ്കിലും റോഡ് വീതികൂട്ടി ആവശ്യമായ സുരക്ഷാസംവിധാനങ്ങളോടെ നവീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
