പേരുമാറ്റിയാൽ എസ്.എസ്.എൽ.സി. ബുക്കിലും തിരുത്താം
        തിരുവനന്തപുരം: ഗസറ്റ് വിജ്ഞാപനംവഴി പേരുമാറ്റിയാൽ ആ പേര് ഉൾപ്പെടുത്തി എസ്.എസ്.എൽ.സി. ബുക്കും തിരുത്താൻ പരീക്ഷാ കമ്മിഷണർക്ക് സർക്കാർ അനുവാദം നൽകി.
ഗസറ്റ് വിജ്ഞാപനത്തിലൂടെ വ്യക്തികൾക്ക് സ്വന്തം പേര് മാറ്റാൻ അവകാശമുണ്ട്. എന്നാൽ, 1984-ലെ ഉത്തരവനുസരിച്ച് എസ്.എസ്.എൽ.സി. ബുക്കിലെ പേര്, മതം, ജാതി എന്നിവ തിരുത്താൻ വ്യവസ്ഥയില്ല. ബുക്കിലെ പേരിലെ വ്യത്യാസം തിരുത്തിക്കിട്ടാത്തതിനാൽ ഒട്ടേറെപ്പേർക്ക് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ഉപരിപഠന, തൊഴിലവസരങ്ങൾ നഷ്ടമാകുന്നുണ്ട്.
ഗസറ്റ് വിജ്ഞാപനംവഴി പേരുമാറ്റിയിട്ടും അതേപേര് എസ്.എസ്.എൽ.സി. ബുക്കിൽ ചേർക്കാൻ അനുവദിക്കാത്തതിനെതിരേ പലരും ഹൈക്കോടതിയെ സമീപിച്ചു. കോടതി അവർക്ക് അനുകൂലമായി വിധിച്ചു. എന്നാൽ, സർക്കാർ വിധി നടപ്പാക്കിയില്ല. ഇതു ചോദ്യംചെയ്ത് കോടതിയലക്ഷ്യ ഹർജി വന്നു. ഇതോടെയാണ് ഗസറ്റിൽ മാറ്റിയതനുസരിച്ച് അപേക്ഷിക്കുന്നവരുടെ പേര് എസ്.എസ്.എൽ.സി. ബുക്കിലും തിരുത്താൻ പൊതുവിദ്യാഭ്യാസവകുപ്പ് അനുമതി നൽകിയത്.
