സ്‌കൂള്‍ ബസ്സിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
        മരട്: തുരുത്തിശ്ശേരി ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ സ്‌കൂള്‍ ബസ്സിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു. കൊച്ചുകുട്ടികളും ആയയുമടക്കം എട്ടുപേര്‍ വാഹനത്തിലുണ്ടായിരുന്നുവെങ്കിലും വൈദ്യുതിയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം.
എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയം സ്‌കൂളിന്റെ ബസ്സിന് മുകളിലേക്കാണ് പോസ്റ്റ് വീണത്. പോസ്റ്റ് അപകടാവസ്ഥിലായിട്ട് ദിവസങ്ങളായിരുന്നു. നിരവധി തവണ നാട്ടുകാര്‍ പരാതിയും പറഞ്ഞിരുന്നു. എന്നാല്‍ ആവശ്യമുള്ള നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ ബസ്സില്‍ നിന്നും ഇറക്കി സമീപത്തെ വീട്ടിലാക്കിയത്. ആര്‍ക്കും പരിക്കില്ല. പോസ്റ്റില്‍ നിന്ന് താഴ്ന്ന് നിന്ന ചാനല്‍ കേബിളില്‍ ബസ്സ് ഉടക്കുകയും പോസ്റ്റ് മറിഞ്ഞ് ബസ്സിന് മുകളിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
