സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കില്ല
ന്യൂഡൽഹി: മൂല്യ നിർണയ നടപടികൾ പൂർത്തിയാകാത്തതിനാൽ സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഈഴാഴ്ച അവസാനമോ അടുത്താഴ്ചയോ ഫലം പ്രഖ്യാപിക്കുമെന്നാണ് പുതിയ വിവരം. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്നും 12ാം ക്ലാസ് ഫലം 10നും പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഫലപ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയത്.
മൂല്യ നിർണയ നടപടികൾ പുരോഗമിക്കുകയാണെന്നും ഫലം പ്രഖ്യാപിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി എടുക്കുമെന്നുമാണ് അധികൃതർ നൽകിയ വിശദീകരണം. രണ്ടു ടേം പരീക്ഷകളിലെ വെയിറ്റേജുകളെക്കുറിച്ചും ഇതുവരെ ധാരണയിലെത്തിയിട്ടില്ല. ആദ്യ ടേം പരീക്ഷ ബുദ്ധിമുട്ടായതിനാൽ രണ്ടാം ടേമിന് വെയിറ്റേജ് പ്രഖ്യാപിക്കണമെന്നും ആവശ്യമുയർന്നിരുന്നു.
മേയ് 24നാണ് സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ പൂർത്തിയായത്. 12ാം ക്ലാസ് പരീക്ഷ ജൂൺ 15നും പൂർത്തിയായി.
