ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇനി വേണ്ട; നിരോധനം ഇന്ന് മുതൽ
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരോധന ഉത്തരവുകൾ പ്രകാരമുള്ള, ഒറ്റത്തവണ ഉപയോഗത്തിനുള്ള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വെള്ളിയാഴ്ച മുതൽ നിരോധനം. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ കർശന നടപടിയുണ്ടാകും.
തുടക്കത്തിൽ 10,000 രൂപമുതൽ 50,000 രൂപവരെ പിഴയാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും. കേന്ദ്രസർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്കു പുറമേ 2020 ജനുവരി, ഫെബ്രുവരി, മേയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതിവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽവരും.
നിരോധിച്ചവ
* മിഠായി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്കോടുകൂടിയ ഇയർ ബഡ്‌സിലെ സ്റ്റിക്ക്, പ്ലാസ്റ്റിക് ഐസ്‌ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്.
* മധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം.
* നോൺ വൂവൻ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക കാരിബാഗുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ (ബയോമെഡിക്കൽ മാലിന്യങ്ങൾക്കായി ഉള്ളവയൊഴികെ).
* ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ, കപ്പുകൾ.
* തെർമോക്കോൾ/സ്റ്റെറോഫോം ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ.
* ഏകോപയോഗ പ്ലാസ്റ്റിക് നിർമിത സ്പൂൺ, ഫോർക്, സ്‌ട്രോ, സ്റ്റീറർ.
* പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗളുകൾ, ഇല, ബാഗുകൾ.
* പ്ലാസ്റ്റിക് കൊടിതോരണങ്ങൾ, പി.വി.സി. ഫ്ളെക്സുകൾ, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ.
* കുടിവെള്ള പൗച്ചുകൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ.
* 500 മില്ലിലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ.
* പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ.
