കുരുന്നുജീവൻ രക്ഷിക്കാൻ ശേഖരിച്ച പണം കവർന്നു
കൂത്തുപറമ്പ് : കുരുന്നുജീവൻ രക്ഷിക്കാൻ സുമനസ്സുകളിൽനിന്ന് ശേഖരിച്ച പണം കവർന്നതായി പരാതി. കൂത്തുപറമ്പ് ബസ്‌സ്റ്റാൻഡിലാണ് സംഭവം. പാലക്കാട് ജില്ലയിലെ ഗുരുതര രോഗം ബാധിച്ച രണ്ടുവയസ്സുകാരി ഗൗരിലക്ഷ്മിക്കുവേണ്ടി സന്നദ്ധസംഘടന ധനസമാഹരണം നടത്തുന്നതിനിടെയാണ് ഒരു യുവാവ് പണമടങ്ങിയ ബക്കറ്റുമായി കടന്നുകളഞ്ഞത്.
ഷൊർണൂർ നഗരസഭയിലെ ഏഴാം വാർഡിലെ ലിജു-നിത ദമ്പതിമാരുടെ മകൾ രണ്ടുവയസ്സുകാരി ഗൗരിലക്ഷ്മി സ്പൈനൽ മസ്കുലർ അട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ്. ഇനിയും മൂന്ന് കോടിയോളം രൂപ കുഞ്ഞുജീവൻ രക്ഷിക്കാൻ ആവശ്യമാണ്. ഇതിനായാണ് വയനാടിലെ കെ.എൽ. 12 മ്യൂസിഷൻ ബാൻഡ് പ്രവർത്തകർ ബുധനാഴ്ച രാവിലെ 11.30-ഓടെ കൂത്തുപറമ്പ് ബസ്‌സ്റ്റാൻഡിലെത്തി ജനങ്ങളിൽനിന്ന് പണം ശേഖരിച്ചത്.
പണം ഇടാൻ ഒരുബക്കറ്റ് ജീപ്പിന് സമീപം വെക്കുകയും മറ്റുള്ളവർ ബക്കറ്റുമായി സ്റ്റാൻഡിൽ പിരിവെടുക്കുകയുമായിരുന്നു. കുറച്ചുകഴിഞ്ഞു വന്നപ്പോഴാണ് പണമടങ്ങിയ ബക്കറ്റ് മോഷ്ടിക്കപ്പെട്ടതായി മനസ്സിലായത്. ബാൻഡ് അംഗങ്ങൾ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി. മോഷ്ടിക്കപ്പെട്ട ബക്കറ്റ് ബസ്‌സ്റ്റാൻഡ് കോംപ്ലക്സിലെ മുകളിലത്തെ നിലയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.