കണ്ണൂർ–പുതുച്ചേരി സ്വിഫ്‌റ്റ്‌  സർവീസ്‌ ഉടൻ

Share our post

തലശേരി : കണ്ണൂരിൽനിന്ന്‌ പുതുച്ചേരിയിലേക്ക്‌ കെ.എസ്‌.ആർ.ടി.സി സ്വിഫ്‌റ്റ്‌  സർവീസ്‌ ആരംഭിക്കുന്നു.  ഒരേസമയം പുതുച്ചേരിയിൽനിന്നും കണ്ണൂരിൽനിന്നും സർവീസ്‌ നടത്താൻ പുതുച്ചേരി ട്രാൻസ്‌പോർട്ട്‌ കമീഷണർ അന്തർസംസ്ഥാന പെർമിറ്റ്‌ അനുവദിച്ചിട്ടുണ്ട്‌. പുതുച്ചേരി സർക്കാരിന്റെ അനുമതി ലഭിച്ചാൽ ബസ്‌ ഓടിത്തുടങ്ങുമെന്ന്‌ കെ.എസ്‌.ആർ.ടി.സി അധികൃതർ  അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‌ മുൻ മാഹി എം.എൽ.എ വി. രാമചന്ദ്രൻ നൽകിയ നിവേദനം പരിഗണിച്ചാണ്‌ കെ.എസ്‌.ആർ.ടി.സി സർവീസ്‌ നടത്താൻ തീരുമാനിച്ചത്‌.
പുതുച്ചേരി മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. അന്തർസംസ്ഥാന സർവീസായതിനാൽ നടപടി പൂർത്തിയാക്കാനുള്ള കാലതാമസത്തിലാണ്‌ തീരുമാനം വൈകിയത്‌. പുതുച്ചേരി ട്രാൻസ്‌പോർട്ട്‌ കോർപ്പറേഷൻ  കാലപ്പഴക്കമുള്ള ബസ്സാണ്‌ നിലവിൽ മാഹി–പുതുച്ചേരി റൂട്ടിൽ ഓടിക്കുന്നത്‌. ബസ്‌ പാതിവഴിയിലാകുന്നതും മഴക്കാലത്ത്‌ ചോർന്നൊലിക്കുന്നതും യാത്രക്കാർക്ക്‌ ബുദ്ധിമുട്ടായിരുന്നു. പുതിയ  ബസ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ പ്രക്ഷോഭം നടത്തിയിരുന്നു.
മാഹിയിൽനിന്ന്‌ ദിവസവും പുതുച്ചേരിയിലേക്ക്‌ യാത്രക്കാരുണ്ട്‌. മംഗളൂരു–പുതുച്ചേരി ട്രെയിനിൽ റിസർവേഷൻ സീറ്റ്‌ കിട്ടുക ബുദ്ധിമുട്ടാണ്‌. സ്വിഫ്‌റ്റ്‌ ഓടിത്തുടങ്ങിയാൽ കൂടുതൽ യാത്രക്കാർ ബസ്സിനെ ആശ്രയിക്കും. പുതുച്ചേരി കേന്ദ്ര സർവകലാശാല, ജിപ്‌മെർ, മെഡിക്കൽ, എൻജിനിയറിങ് കോളേജുകൾ എന്നിവിടങ്ങളിലേക്ക്‌ ദിവസവും നിരവധിപ്പേർ യാത്രചെയ്യുന്ന റൂട്ടാണിത്‌.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!