പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം; പതിനഞ്ച് ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ

Share our post

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച മൂന്നു കമ്മീഷനുകളിൽ പെട്ട പരീക്ഷാ പരിഷ്കരണ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷനംഗങ്ങളും ഓരോ സർവ്വകലാശാലയിലെയും വിവരവിനിമയ – സാങ്കേതിക വിദഗ്ദ്ധരും ചേർന്നുള്ള നിർവ്വഹണസമിതി രൂപീകരിച്ച് എത്രയും വേഗം റിപ്പോർട്ടിലെ നിർദ്ദേശങ്ങളുടെ നടത്തിപ്പിലേക്ക് കടക്കുമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും പരമാവധി പതിനഞ്ച് ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നിർദ്ദേശങ്ങളുള്ള സമഗ്രമായ റിപ്പോർട്ടാണ് സമർപ്പിക്കുന്നതെന്ന് കമ്മീഷൻ ചെയർമാൻ പ്രഫ. സി.ടി. അരവിന്ദകുമാർ (പ്രോ-വൈസ് ചാൻസലർ, എം.ജി സർവ്വകലാശാല) മന്ത്രിയെ അറിയിച്ചു.

ചെയർമാനു പുറമെ, കമ്മീഷൻ അംഗങ്ങളായ ഡോ. കെ. അനിൽകുമാർ (രജിസ്ട്രാർ, കേരള സർവ്വകലാശാല), ഡോ. എ. പ്രവീൺ (രജിസ്ട്രാർ, കെ.ടി.യു), ഡോ. സി.എൽ. ജോഷി (മുൻ രജിസ്ട്രാർ, കലിക്കറ്റ് സർവ്വകലാശാല) എന്നിവരും ചേർന്നാണ് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു സന്നിഹിതനായിരുന്നു. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെയും സർവ്വകലാശാലാ നിയമ പരിഷ്കരണ കമ്മീഷന്റെയും റിപ്പോർട്ടുകളും അന്തിമഘട്ടത്തിലാണെന്നും ഉടൻ ലഭിക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!