ഡി.സി.സി ഓഫീസിലേക്കും സണ്ണി ജോസഫ് എം.എൽ.എ.യുടെ ഓഫീസിലേക്കും സമരം വ്യാപിപ്പിക്കും

പൂളക്കുറ്റി: കോൺഗ്രസ് ഭരിക്കുന്ന പൂളക്കുറ്റി സഹകരണ ബാങ്കിൽ നിന്നും നിക്ഷേപം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപക സമരസമിതി ബാങ്കിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം കൂടുതൽ ശക്തമാക്കുന്നു. സമരത്തിൻ്റെ ഭാഗമായി ജില്ലാ കോൺഗ്രസ് ഓഫിസിലേക്കും സണ്ണി ജോസഫ് എം.എൽ.എ.യുടെ ഓഫീസിലേക്കും മാർച്ചും ധർണ്ണയും നടത്തുമെന്ന് സമരസമിതി അറിയിച്ചു.
ഭരണസമിതിയുടെ കെടുകാര്യസ്ഥത കോൺഗ്രസ് നേതൃത്വം കണ്ടില്ലന്നു നടിക്കുന്നതിനാലാണ് ഇത്തരത്തിൽ സമരം നടത്താൻ തീരുമാനിച്ചതെന്ന് സമരസമിതി കൺവീനർ സെബാസ്റ്റ്യൻ പാറാട്ട്കുന്നേൽ പറഞ്ഞു. ഇത് കൂടാതെ മുൻ ബാങ്ക് പ്രസിഡന്റ്, ബാങ്ക് സെക്രട്ടറി എന്നിവരുടെ വീട്ടുപടിക്കൽ കുടിൽകെട്ടി പട്ടിണിസമരവും നടത്തും.
നാന്നൂറോളം നിക്ഷേപകർക്കായി രണ്ടര കോടി രൂപയാണ് ബാങ്ക് നൽകാനുള്ളത്. അഞ്ചു വർഷമായി നിക്ഷേപം തിരിച്ച് ലഭിക്കാത്തതിനാലാണ് നിക്ഷേപകർ സമരരംഗത്തിറങ്ങിയത്.