ഓപ്പൺ സർവകലാശാലയിൽ ഇക്കൊല്ലം കോഴ്‌സുകൾ തുടങ്ങും

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 12 യു.ജി. കോഴ്‌സുകളും അഞ്ച് പി.ജി. കോഴ്‌സുകളും ഈവർഷം തുടങ്ങാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു.
ഓരോ കോഴ്‌സിനും യു.ജി.സി.യുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് 2022-’23 അധ്യയനവർഷം കോഴ്‌സുകൾ തുടങ്ങാനാവുമെന്നാണ് കരുതുന്നതെന്നും ടി.വി. ഇബ്രാഹിമിന്റെ ശ്രദ്ധക്ഷണിക്കലിന് അവർ മറുപടിനൽകി.
ഓപ്പൺ സർവകലാശാലയിൽ 46 അധ്യാപകരെയും വിവിധ വകുപ്പുമേധാവികളെയും പ്രാദേശികകേന്ദ്രം ഡയറക്ടർമാരെയും നിയമിച്ചിട്ടുണ്ട്. ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി ലഭിച്ചില്ലെങ്കിൽ മറ്റുസർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസത്തിന് അനുമതി നൽകുന്ന കാര്യം പരിഗണിക്കും.
ബിരുദപ്രവേശനത്തിന് സർവകലാശാലകൾ നടപടി ആരംഭിച്ചിട്ടേയുള്ളൂ. അത് അവസാനിക്കുന്ന മുറയ്ക്കാണ് വിദൂരപഠനത്തിന് അപേക്ഷ ക്ഷണിക്കുക. അതിനാൽത്തന്നെ ഇക്കൊല്ലത്തെ പ്രവേശനനടപടികൾ കുട്ടികളുടെ ഭാവിയെ ബാധിക്കില്ലെന്നും അവർ പറഞ്ഞു.