പയ്യന്നൂർ കോളേജിലെ പൂർവവിദ്യാർഥികൾ ഭിന്നശേഷി വിദ്യാർഥികൾക്ക് ശൗചാലയം നിർമിച്ച് നൽകി
പയ്യന്നൂർ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പയ്യന്നൂർ കോളേജിലെ പൂർവവിദ്യാർഥികൾ ശൗചാലയം നിർമിച്ചുനൽകി. പൂർവവിദ്യാർഥി എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കോളേജിൽ 1980-കളിൽ പഠനം നടത്തിയ 14 പൂർവ വിദ്യാർഥികൾ ചേർന്ന് രൂപവത്കരിച്ച ഫ്രാറ്റേണിറ്റി ഓഫ് ഗോൾഡൻ എയ്റ്റീസ് എന്ന കൂട്ടായ്മയാണ് കോളേജിലെ നാല്പതോളം വരുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി സ്നേഹോപഹാരം സമർപ്പിച്ചത്.
ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മികവുറ്റ സൗകര്യങ്ങളോടുകൂടിയ ശൗചാലയം നിർമിച്ചത്. പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ് അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എജുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് കെ. രാമചന്ദ്രൻ, ഡോ. പി.ആർ. സ്വരൺ, പ്രൊഫ. കെ.വി. ഉണ്ണികൃഷ്ണൻ, കെ.ടി. മായ, ഡോ. പി. ബാലകൃഷ്ണൻ, പ്രൊഫ. കെ. രാജഗോപാൽ, രതീഷ് നമ്പ്യാർ, കെ.വി. ശ്രീകാന്ത്, പി. മേഘ്ന എന്നിവർ സംസാരിച്ചു.