ആചാര്യസ്ഥാനികരുടെ സഹായധനം വർധിപ്പിക്കണം

കണ്ണൂർ: ഓണത്തിന് മുൻപ് മുഴുവൻ സഹായധന കുടിശ്ശികയും കൊടുത്തുതീർക്കുക, സഹായധനം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വാണിയ സമുദായസമിതി സംസ്ഥാന കമ്മിറ്റിയും മുച്ചിലോട്ട് ക്ഷേത്രകൂട്ടായ്മയും ചേർന്ന് ധർണ നടത്തും. ബുധനാഴ്ച രാവിലെ 11-ന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണറുടെ തലശ്ശേരി ഓഫീസിനുമുന്നിലാണ് ധർണ.
സർക്കാർ മാസംതോറും നൽകുന്ന ചെറിയ സഹായധനം മാത്രമാണ് ഏക ആശ്രയം. എന്നാൽ അതുപോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ. ഇതിനെതിരേയാണ് സമരത്തിനിറങ്ങുന്നത്.
സഹായധനത്തിന് അർഹരായവരിൽനിന്ന് പുതിയ അപേക്ഷകൾ പരിഗണിക്കണമെന്നും ആചാര്യസ്ഥാനികരുടെ ആശ്രിതർക്ക് ദേവസ്വം നിയമനങ്ങളിൽ മുൻഗണന നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡന്റ് വി. വിജയൻ, കടന്നപ്പള്ളി ഗോവിന്ദൻ കോമരം, മുച്ചിലോട്ട് ക്ഷേത്ര കൂട്ടായ്മ സെക്രട്ടറി കെ.കെ. സുരേശൻ, എം. ബാബു, പി.വി. പ്രേമചന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.