ആളുകളെത്തുന്നത് കുറഞ്ഞു; പ്രതാപം നശിച്ച് കൂട്ടുപുഴ ടൗൺ
ഇരിട്ടി : പഴയ പാലത്തിന് പകരം പുതിയത് യാഥാർഥ്യമായപ്പോൾ യാത്രാദുരിതത്തിന് അറുതിയായെങ്കിലും കൂട്ടുപുഴ ടൗൺ ആളൊഴിഞ്ഞ് വിജനമായി. പുതിയ പാലം ടൗണിൽനിന്ന് നൂറു മീറ്ററോളം മാറി യാഥാർഥ്യമായതോടെ കൂട്ടുപുഴയിലേക്കുള്ള ആളനക്കം കുറഞ്ഞു. ഇതോടെ മലയോരത്തെ പ്രധാന ടൗണുകളിൽ ഒന്നായ കൂട്ടുപുഴ ടൗണിന്റെ പ്രതാപം ക്ഷയിച്ചു. കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ 1928-ൽ ബ്രിട്ടീഷുകാർ ഇരുസംസ്ഥാനങ്ങളുടെയും അതിർത്തികൾ ചേർത്ത് നിർമിച്ച തൂണില്ലാത്ത പാലം വെറും ഒരു യാത്രോപാധി മാത്രമായിരുന്നില്ല. രണ്ട് സംസ്കാരങ്ങളെ ഇഴചേർക്കുന്ന കണ്ണികൂടിയായിരുന്നു.
മാക്കൂട്ടം, വീരാജ് പേട്ട ഭാഗങ്ങളിൽ നിന്നുള്ളവർ കൂട്ടുപുഴയിലേക്കും കൂട്ടുപുഴയിൽ നിന്നുള്ളവർ മാക്കൂട്ടത്തേക്കും വ്യാപാര-വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലെ മാക്കൂട്ടംമേഖലയിൽ വിദേശ മദ്യഷോപ്പുകൾക്ക് നിരോധനം വന്നതോടെ മാക്കൂട്ടത്തിന്റെ പ്രതാപം നശിച്ചത് കൂട്ടുപുഴയെയും ബാധിച്ചിരുന്നു. പഴയ പാലം വഴിയുള്ള ഗതാഗതം കൂടി നിലച്ചതോടെ കൂട്ടുപുഴ ടൗൺ നാൾക്കുന്നാൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
വ്യാപാരസ്ഥാപനങ്ങൾ മിക്കതും പൂട്ടി, അവശേഷിക്കുന്നവ നിലനില്പിനായുള്ള പോരാട്ടത്തിലാണ്. ഇരിട്ടിയിൽനിന്നും പേരട്ടയിലേക്കുള്ള യാത്രയ്ക്കിടയിൽ അപൂർവമായി മാത്രം യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇടമായി കൂട്ടുപുഴ മാറി.
ഓട്ടോറിക്ഷകളുടെ എണ്ണം വിരലിലെണ്ണാവുന്ന നിലയിലേക്ക് ചുരുങ്ങി. പുതിയ പാലം കവലയിൽ കാര്യമായ വ്യാപാരസ്ഥാപനങ്ങളും മറ്റും ഉയരുന്നതിനുള്ള സ്ഥലപരിമിതിയും കൂടി ആയതോടെ നഗരത്തിന്റെ പ്രാധാന്യം നാൾക്കുന്നാൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പഴയകാലത്തെ കെട്ടിടങ്ങൾ ഉൾപ്പെടെ ജീർണിച്ച നിലയിലും ചിലത് പൊളിഞ്ഞുവീഴുകയും ചെയ്തു. ആളുകൾ മൂന്നിലൊന്നായി കുറഞ്ഞതോടെ പുതിയ കെട്ടിടങ്ങളോ സ്ഥാപനങ്ങളോ നിർമിക്കാൻ ആർക്കും താത്‌പര്യമില്ലാതായി.
പ്രതാപകാലം ഇനി ഓർമകളിൽ
കൂട്ടപുഴയ്ക്ക് നല്ലൊരു പ്രതാപകാലം ഉണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ദിനംപ്രതി നൂറുകണക്കിനാളുകൾ വന്ന് പോയിക്കൊണ്ടിരുന്ന കാലം. കേരളത്തിൽ ചാരായ നിരോധനം നിലവിൽ വന്നത് കൂട്ടുപുഴയുടെ തലവര മാറ്റി വരച്ചു. കർണാടകത്തിൽനിന്ന് പായ്കറ്റ് ചാരയം യഥോഷ്ടം കൂട്ടുപുഴ വഴി എത്തിക്കൊണ്ടിരുന്നതോടെ ചാരമയ മോഹികളുടെ ഇടത്താവളമായി കൂട്ടുപുഴ മാറി.
പായ്ക്കറ്റ് ചാരായം കഴിക്കുന്നതിനും കടത്തി വില്പന നടത്തുന്നതിനുമായി രാപകൽ വ്യത്യാസമില്ലാതെ നിരവധി പേരാണ് കൂട്ടുപുഴയിൽ എത്തിക്കൊണ്ടിരുന്നത്. കേരളത്തിൽനിന്നും മാക്കൂട്ടം വഴി കർണാടകയിലേക്ക് റബ്ബറും കശുവണ്ടിയും കടത്തിക്കൊണ്ടുപോയിരുന്ന കാലത്തും കൂട്ടുപുഴ എന്നും ഉണർന്നു തന്നെയായിരുന്നു.